2025 ഐ.പി.എല്‍ സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകര്‍ തങ്ങളുടെ ഫേവറേറ്റ് ടീമുകളുടെ മത്സരങ്ങള്‍ക്കായി വലിയ കാത്തിരിപ്പിലാണ്. ഐ.പി.എല്ലില്‍ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്നത്.
സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുംബൈ ഒരുങ്ങുമ്പോള്‍ സ്ലോ ഓവര്‍ റേറ്റിന്റെ പിടിയിലായ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെടും. താരത്തിന് പകരം മുംബൈയെ നയിക്കുന്നത് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ്. രോഹിത്തില്‍ നിന്ന് ക്യാപ്റ്റന്‍സി പാണ്ഡ്യയിലേക്ക് വന്നെങ്കിലും ഇത്തവണ വലിയ ആരാധക പിന്തുണയോടെ കിരീടത്തിലേക്ക് കുതിക്കാനാണ് മുംബൈ ലക്ഷ്യം വെക്കുന്നത്.
സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ആദ്യ മത്സരത്തില്‍ നിന്ന് പുറത്തായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. നിയമം ക്രിക്കറ്റിന്റെ ഭാഗമാണെന്നും എന്നാല്‍ അടുത്ത വര്‍ഷം ഈ നിയമം ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഉന്നത അധികാരികളാണെന്നും പാണ്ഡ്യ പറഞ്ഞു.
‘അത് എന്റെ നിയന്ത്രണത്തിലല്ല. കഴിഞ്ഞ വര്‍ഷം സംഭവിച്ചത് (സ്ലോ ഓവര്‍ റേറ്റ്) ക്രിക്കറ്റിന്റെ ഭാഗമാണ്. ഞങ്ങള്‍ കുറച്ച് മിനിട്ട് വൈകിപ്പോയി എന്ന് ഞാന്‍ കരുതുന്നു. ആ സമയത്ത് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ നിയമങ്ങള്‍ പാലിക്കേണ്ടിവരും. അടുത്ത വര്‍ഷം അവര്‍ ഈ നിയമം തുടരുമോ എന്നെനിക്കറിയില്ല? അത് ഉന്നത അധികാരികളുടെ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവരാണ് തീരുമാനിക്കുന്നത്,’ പാണ്ഡ്യ പറഞ്ഞു.
ടൂര്‍ണമെന്റിലെ ഇംപാക്ട് പ്ലെയര്‍ റൂളിനെക്കുറിച്ചും പാണ്ഡ്യ സംസാരിച്ചിരുന്നു. മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു ടീമിന് അവരുടെ പ്ലെയിങ് ഇലവനിലെ ഒരു കളിക്കാരനെ മാറ്റി മറ്റൊരു താരത്തെ തെരഞ്ഞെടുക്കുന്നതാണ് ഇംപാക്റ്റ് പ്ലെയര്‍ റൂള്‍.
മത്സരത്തിന്റെ സാഹചര്യത്തെ ആശ്രയിച്ച്, അവര്‍ക്ക് ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെയോ ബൗളറെയോ കൊണ്ടുവരാം. ഇംപാക്റ്റ് പ്ലെയര്‍ റൂള്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടിയതോടെ ഒരു ക്രിക്കറ്റ് കളിക്കാരന്‍ പ്ലെയിങ് ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അയാള്‍ പൂര്‍ണമായും ഒരു ഓള്‍റൗണ്ടറായിരിക്കണമെന്നാണ് പാണ്ഡ്യ പറഞ്ഞത്.
‘പ്ലെയിങ് ഇലവനില്‍ കയറാന്‍ നിങ്ങള്‍ ഒരു ഓള്‍റൗണ്ടര്‍ ആയിരിക്കണം. ഈ നിയമം കാരണം രണ്ട് കഴിവുകളും വികസിപ്പിക്കാന്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതോടെ നിങ്ങള്‍ക്ക് കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താന്‍ കഴിയും,’ പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.
Content Highlight: Hardik Pandya Talking About Slow Over Rate And Impact Player Rule