ഇന്ത്യ – അയര്‍ലാന്‍ഡ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം വിജയം നേടിയിരുന്നു. മഴ രസംകൊല്ലിയായെത്തിയെങ്കിലും ഇന്ത്യയുടെ ആവേശത്തിന് അതൊന്നും വിലങ്ങുതടിയാകുമായിരുന്നില്ല.
മഴ കാരണം നീട്ടിവെക്കുകയും പിന്നീട് ഓവര്‍ ചുരുക്കുകയും ചെയ്ത മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്റെ റോള്‍ ആദ്യമായി ഏറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയുടേതുകൂടിയായിരുന്നു ഈ വിജയം.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഡെബ്യൂ സീസണില്‍ തന്നെ അവരെ ചാമ്പ്യന്‍മാരാക്കിയതിന്റെ അതേ ആവേശമായിരുന്നു ഹര്‍ദിക് കളത്തില്‍ പുറത്തെടുത്തത്. ഹര്‍ദിക്കിന്റെ ആവേശം മറ്റുതാരങ്ങളിലേക്കും പകര്‍ന്നുനല്‍കിയപ്പോള്‍ ഇന്ത്യ അനായാസമായിരുന്നു വിജയത്തിലേക്ക് നടന്നുകയറിയത്.
ഇപ്പോഴിതാ, ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ റെക്കോഡിന്റെ തിളക്കമാണ് ഹര്‍ദിക്കിനെ തേടിയെത്തിയത്. ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ എന്ന റെക്കോഡാണിപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്.
അയര്‍ലന്‍ഡ് ഇന്നിങ്‌സിലെ രണ്ടാം ഓവറിലായിരുന്നു താരത്തിന്റെ നേട്ടം. ഐറിഷ് പടയുടെ സ്റ്റാര്‍ ബാറ്റര്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ മടക്കിക്കൊണ്ടായിരുന്നു ഹര്‍ദിക് റെക്കോഡിലേക്ക് നടന്നുകയറിയത്.
അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സുമായി നില്‍ക്കവെയായിരുന്നു ഹര്‍ദിക് സ്റ്റിര്‍ലിങ്ങിനെ മടക്കിയത്. ഹര്‍ദിക്കിന്റെ ഫുള്ളര്‍ ലെങ്ത് ഡെലിവറി തന്റെ ബാറ്റില്‍ തട്ടി ദീപക് ഹൂഡയുടെ കൈകളില്‍ വിശ്രമിച്ചപ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു സ്റ്റിര്‍ലിങ്ങിനായത്.
ഇതോടെ സി. കെ. നായിഡു, ബിഷന്‍ ബേദി എന്നീ ലെജന്‍ഡ്‌സിന് പിന്നാലെ റെക്കോഡ് ബുക്കില്‍ തന്റെ പേരെഴുതി ചേര്‍ക്കാനും താരത്തിനായി.
ഇന്ത്യയുടെ ഒമ്പതാം ടി-20 ക്യാപ്റ്റനായാണ് ഹര്‍ദിക് കഴിഞ്ഞ ദിവസം ഇന്ത്യയെ നയിച്ചത്. വിരേന്ദര്‍ സേവാഗ്, എം.എസ്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, റിഷബ് പന്ത് എന്നിവരാണ് ഇതിന് മുമ്പ് ഇന്ത്യയെ നയിച്ചത്.
അതേസമയം, ടോസ് നേടിയ ഇന്ത്യ അയര്‍ലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴ കാരണം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 108 റണ്‍സായിരുന്നു ഐറിഷ് പട നേടിയത്. ഓപ്പണിങ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ നാലാമനായി ഇറങ്ങിയ ഹാരി ടെക്ടറായിരുന്നു ഐറിഷ് ഇന്നിങ്‌സിനെ നങ്കൂരമിട്ട് നിര്‍ത്തിയത്.
33 പന്തില്‍ നിന്നും പുറത്താവാതെ 64 റണ്‍സായിരുന്നു താരം ടെക്ടര്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദീപക് ഹൂഡയുടെയും ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഏഴ് വിക്കറ്റും 16 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.