ടി-20 എന്താണെന്ന് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല, അങ്ങനെ ചെയ്താണ് ഞങ്ങള്‍ കപ്പുയര്‍ത്തിയത്: ഹര്‍ഭജന്‍
Sports News
ടി-20 എന്താണെന്ന് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല, അങ്ങനെ ചെയ്താണ് ഞങ്ങള്‍ കപ്പുയര്‍ത്തിയത്: ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 8:45 am

17 വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായി മാറിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. ധോണി ഉയര്‍ത്തിയ ലോകകിരീടം ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് രോഹിത് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മണ്ണിലെത്തിച്ചത്.

ഇതോടെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണായ 2007ലാണ് ഇന്ത്യ ആദ്യമായി ടി-20 ലോകകപ്പ് നേടുന്നത്. 1983ല്‍ കപില്‍ ദേവ് നേടിയ ലോകകപ്പിന് ശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഐ.സി.സി ലോകകപ്പെന്ന നേട്ടവും ധോണിയുടെയും സംഘത്തിന്റെയും കിരീടനേട്ടത്തിനുണ്ടായിരുന്നു.

ഈ ലോകകപ്പിനെ കുറിച്ചും അന്നത്തെ പ്ലെയിങ് സ്ട്രാറ്റജിയെ കുറിച്ചുമെല്ലാം പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. അന്ന് ടി-20 എന്ന ഫോര്‍മാറ്റിനെ കുറിച്ച് ധാരണയില്ലായിരുന്നുവെന്നും ഒഴുക്കിനനുസരിച്ച് നീങ്ങുകയാണ് ചെയ്തതെന്നും ഭാജി പറഞ്ഞു. തരുവര്‍ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടര്‍ബനേറ്റര്‍.

‘ആകെ മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ഞങ്ങളുടെ ടീമിനേക്കാളും (2007 ലോകകപ്പ് വിന്നിങ് സ്‌ക്വാഡ്) മാച്ച് വിന്നേഴ്‌സ് 2024 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നു. അന്ന് ഞങ്ങളെ സംബന്ധിച്ച് ഇതൊരു പുതിയ ഫോര്‍മാറ്റായിരുന്നു.

ഞങ്ങള്‍ ആദ്യമായിട്ടായിരുന്നു ഈ ഫോര്‍മാറ്റില്‍ കളിക്കുന്നത്. അന്ന് ടി-20യെ കുറിച്ച് അധികം ധാരണയൊന്നും തന്നെ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ആ ഒഴുക്കിനൊപ്പം നീങ്ങുകയും ഒന്നിന് പിന്നാലെ ഒന്നായി മത്സരങ്ങള്‍ വിജയിക്കുകയുമാണ് ചെയ്തത്,’ ഹര്‍ഭജന്‍ പറഞ്ഞു.

സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചുകൊണ്ടാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബോള്‍ ഔട്ട് വരെ ആവേശം നീണ്ട മത്സരത്തില്‍ കീഴടക്കിയ പാകിസ്ഥാനെയാണ് ഫൈനലില്‍ ഇന്ത്യക്ക് നേരിടാനുണ്ടായിരുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയും ചെയ്തു. 54 പന്തില്‍ 75 റണ്‍സാണ് ഗംഭീര്‍ നേടിയത്. 16 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയെങ്കിലും ഇമ്രാന്‍ നസീര്‍, യൂനിസ് ഖാന്‍ എന്നിവരുടെ ഇന്നിങ്‌സില്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു.

മിസ്ബ ഉള്‍ ഹഖിന്റെ ക്ലാസിക് ഇന്നിങ്‌സ് പാകിസ്ഥാനെ കിരീടത്തിലേക്ക് നയിച്ചേക്കുമെന്ന് വരെ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഭയന്നു.

അവസാന ഓവറില്‍ പാകിസ്ഥാന് വിജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഭജന് ഒരു ഓവര്‍ ബാക്കിയുണ്ടെന്നിരിക്കെ ക്യാപ്റ്റന്‍ ധോണി പന്ത് ജോഗീന്ദര്‍ ശര്‍മയെ ഏല്‍പ്പിക്കുകയായിരുന്നു.

ജോഗീന്ദര്‍ ശര്‍മയെറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ വൈഡായി. രണ്ടാം ലീഗല്‍ ഡെലിവെറി സ്ട്രൈക്കിലുണ്ടായിരുന്ന മിസ്ബ ഉള്‍ ഹഖ് സിക്സറിന് പറത്തിയതോടെ രണ്ട് ഡഗ് ഔട്ടിലും നെഞ്ചിടിപ്പിന്റെ വേഗം വര്‍ധിച്ചുവന്നു.

എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ സ്‌കൂപ് ഷോട്ട് കളിച്ച മിസ്ബക്ക് പിഴച്ചു. ഫൈന്‍ ലെഗില്‍ അവസരം കാത്തിരുന്ന ശ്രീശാന്ത് മിസ്ബയെ കൈക്കുള്ളിലാക്കി ഇന്ത്യയെ കിരീടമണിയിക്കുകയായിരുന്നു.

 

Content Highlight: Harbhajan Singh about India’s 2007 T20 World Cup victory