അദ്ദേഹം വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരുമോ എന്നെനിക്കറിയില്ല, പക്ഷേ വന്നാല്‍ ഇന്ത്യ ഒരു പൊളി പൊളിക്കും: വിഹാരി
Sports News
അദ്ദേഹം വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരുമോ എന്നെനിക്കറിയില്ല, പക്ഷേ വന്നാല്‍ ഇന്ത്യ ഒരു പൊളി പൊളിക്കും: വിഹാരി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th September 2024, 8:38 pm

ഈ വര്‍ഷം നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഹര്‍ദിക് പാണ്ഡ്യ ടീമിനൊപ്പമുണ്ടെങ്കില്‍ അത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്ന് സൂപ്പര്‍ താരം ഹനുമ വിഹാരി. ഹര്‍ദിക് പാണ്ഡ്യ ഒരു മികച്ച ഓള്‍ റൗണ്ടറായതിനാല്‍ തന്നെ എക്‌സ്ട്രാ ഫാസ്റ്റ് ബൗളറുടെ സേവനം ഇന്ത്യക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഹാരി.

‘ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മടങ്ങി വരണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ അദ്ദഹത്തിന് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തുകൊണ്ടും നല്ലതാണ്. കാരണം ഒരു മികച്ച ഓള്‍ റൗണ്ടറായ അദ്ദേഹം ടീമിലുണ്ടെങ്കില്‍ അത് വളരെയധികം സഹായകരമാകും. പ്രത്യേകിച്ച് പെര്‍ത്തിലും പിങ്ക് ബോള്‍ ടെസ്റ്റും കളിക്കുമ്പോള്‍. നിങ്ങള്‍ക്ക് അവിടെ ഒരു എക്‌സ്ട്രാ ഫാസ്റ്റ് ബോള്‍ ഓപ്ഷന്‍ ആവശ്യമാണ്, അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സാഹചര്യം മുതലെടുക്കാന്‍ സാധിക്കും,’ വിഹാരി പറഞ്ഞു.

 

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഹര്‍ദിക്കിനെ ടീമിന്റെ ഭാഗമാക്കണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു.

‘ഈ രണ്ട് മാസങ്ങളില്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് കളിക്കാന്‍ സമ്മതിപ്പിക്കണം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ഒരു ദിവസം അവന്‍ പത്ത് ഓവറുകള്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ടീം ഒരാളാലും തോല്‍പിക്കപ്പെടാന്‍ സാധിക്കാത്ത രീതിയില്‍ അജയ്യരാകും.

അവന്‍ ടീമിന്റെ ഭാഗമായാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനും ഓസ്ട്രേലിയയെ അവരുടെ തട്ടകത്തില്‍ തന്നെ പരാജയപ്പെടുത്താനും ഇന്ത്യക്ക് സാധിക്കും,’ റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാമെങ്കിലും 2018ന് ശേഷം ഹര്‍ദിക് ഇന്ത്യക്കായി ഒറ്റ ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പരിക്കുകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ ടെസ്റ്റ് കരിയര്‍ ചോദ്യചിഹ്നമായി നിലകൊണ്ടത്.

ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആഭ്യന്തര തലത്തില്‍ പോലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരം കളത്തിലിറങ്ങിയിരുന്നില്ല.

2021ല്‍ താരം ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഹര്‍ദിക് പരിക്ക് മൂലം വലയുകയാണ്, എന്നാല്‍ ഇതുവരെ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ടെസ്റ്റില്‍ നിന്നും വിരമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇതുകാരണം വൈറ്റ്‌ബോള്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. അവന്‍ ഒരിക്കലും ഞങ്ങളുടെ ടെസ്റ്റ് പ്ലാനിങ്ങില്‍ ഉണ്ടായിട്ടില്ല,’ മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡര്‍ സ്‌പോര്‍ട്ടിനോട് പറഞ്ഞു.

ഇതിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ചര്‍ച്ചകളില്‍ ഹര്‍ദിക് ഒരിക്കല്‍പ്പോലും ഇടം നേടാതെ വന്നതോടെ ഈ റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ‘അനൗദ്യോഗിക വിരമിക്കലായും’ കണക്കാക്കിയിരുന്നു.

2018ല്‍ ബറോഡക്ക് വേണ്ടിയാണ് പാണ്ഡ്യ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. രഞ്ജിയില്‍ മുംബൈ ആയിരുന്നു താരത്തിന്റെ എതിരാളികള്‍.

അന്ന് 18.5 ഓവര്‍ പന്തെറിഞ്ഞ താരം ഫൈഫര്‍ നേടി തിളങ്ങിയിരുന്നു. 81 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് പാണ്ഡ്യ നേടിയത്. ഫസ്റ്റ് ക്ലാസ് കരിയറിലെ മൂന്നാമത്തെയും അവസാനത്തെയും* ഫൈഫറാണ് താരം അന്ന് സ്വന്തമാക്കിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 137 പന്ത് നേരിട്ട താരം 73 റണ്‍സും നേടിയിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചു.

സ്‌കോര്‍

മുംബൈ: 465 & 307/7d
ബറോഡ: 436

അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് പാണ്ഡ്യ അവസാനമായി റെഡ് ബോള്‍ മാച്ച് കളിച്ചത്. അന്ന് രണ്ട് ഇന്നിങ്സില്‍ നിന്നുമായി ഒരു വിക്കറ്റും നാല് റണ്‍സും മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് തോറ്റിരുന്നു.

 

 

Content highlight: Hanuma Vihari about Hardik Pandya’s test return