'ഈ രണ്ട് ബി.ജെ.പി നേതാക്കള്‍ ഹിന്ദു യുവതികളെയാണ് വിവാഹം ചെയ്തത്: ഇതിനെ ലവ് ജിഹാദെന്നു വിളിച്ച് അന്വേഷണത്തിന് ഉത്തരവിടുമോ? സുപ്രീംകോടതിയില്‍ ദുഷ്യന്ത് ദവെ
Kerala
'ഈ രണ്ട് ബി.ജെ.പി നേതാക്കള്‍ ഹിന്ദു യുവതികളെയാണ് വിവാഹം ചെയ്തത്: ഇതിനെ ലവ് ജിഹാദെന്നു വിളിച്ച് അന്വേഷണത്തിന് ഉത്തരവിടുമോ? സുപ്രീംകോടതിയില്‍ ദുഷ്യന്ത് ദവെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2017, 2:50 pm

ന്യൂദല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് കോടതി അധികാര പരിധിയ്ക്ക് അപ്പുറം പോയിരിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന ഉത്തരവ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഷെഫിന്‍ ജഹാനുവേണ്ടി വാദിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനമോ, ഹാദിയയുടെ പിതാവോ നല്‍കിയ അപ്പീലില്ല കോടതി ഇത്തരമൊരു ഉത്തരവിട്ടത്. മറിച്ച് തങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണെന്ന കാര്യവും ദുഷ്യന്ത് ദവെ വാദത്തിനിടെ ചൂണ്ടിക്കാട്ടി.

“സംസ്ഥാനം അപ്പീലില്ല. പിതാവ് അപ്പീല്‍ നല്‍കിയിട്ടില്ല. എന്‍.ഐ.എ അപ്പീല്‍ നല്‍കിയിട്ടില്ല. എന്‍.ഐ.എ അന്വേഷണം ഉത്തരവിട്ടുകൊണ്ട് കോടതിയാണ് അധികാര പരിധി മറികടന്നിരിക്കുന്നത്.” അദ്ദേഹം വാദിച്ചു.

വിവിധ മതവിഭാഗങ്ങളുള്ള സമൂഹത്തിന്റെ അടിത്തറയെ തകര്‍ക്കുന്നതാണ് കോടതി ഉത്തരവെന്നും ഇത് ലോകത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: അമിത് ഷായുടെ സന്ദര്‍ശനം ആട് ഇല കടിക്കുന്ന പോലെയെന്ന് കോടിയേരി; കലാപങ്ങള്‍ സൃഷ്ടിച്ചതിലൂടെയാണ് അമിത് ഷാ ശ്രദ്ധിക്കപ്പെട്ടത്


” രണ്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചത്. ഇതിനെ ലവ് ജിഹാദെന്ന് വിളിച്ച് അവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുമോ?” എന്നും അദ്ദേഹം ചോദിച്ചു.

ദവെയുടെ ഈ അഭിപ്രായ പ്രകടനം വന്നതോടെ നിയമത്തിലൂന്നി വാദിക്കണമെന്നും നിയപരമായും കുറേക്കൂടി യുക്തിയിലൂന്നിയതുമായവാദങ്ങള്‍ മുന്നോട്ടുവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്‌വിയും, ഷാനവാസ് ഹുസൈനും വിവാഹം ചെയ്തത് ഹിന്ദു യുവതികളെയാണ്. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ദവെയുടെ പരാമര്‍ശം.