national news
മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന കേസില്‍ ആള്‍ ദൈവം റാം റഹീം കുറ്റക്കാരനെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 11, 10:33 am
Friday, 11th January 2019, 4:03 pm

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി. റാം റഹീം ഉള്‍പ്പെടെ നാല് പേരെയാണ് കുറ്റക്കാരാണെന്ന് പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. ജനുവരി 17ന് കോടതി ശിക്ഷ വിധിക്കും.

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിയെ ഗുര്‍മീത് വെടിവെച്ചത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഗുര്‍മീത് ഛത്രപതിയെ വെടിവെച്ചത്.


സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും 2006ല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു.

അതേസമയം, ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് ഹരിയാനയിലെ സുനരിയ ജയിലിലാണ്.


2017ല്‍ ഗുര്‍മീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തില്‍ 40ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അത്തരമൊരും സാഹചര്യം ഒഴിവാക്കുന്നതിനായി റാം റഹിം സിംഗിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.