മമ്മൂട്ടി തന്നെ പക്രുവെന്ന് വിളിക്കാറില്ല, അജയാ എന്നേ വിളിക്കാറുള്ളൂവെന്ന് നടന്‍ ഗിന്നസ് പക്രു. മമ്മൂട്ടിയുമായുള്ള ബന്ധം പ്രാങ്ക് കോളിലൂടെയാണ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സര്‍പ്രൈസുകള്‍ തരാന്‍ ഇഷ്ടമുള്ളയാളാണ് മമ്മൂട്ടിയെന്നും താരം കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എന്നെ മമ്മൂക്ക പക്രുവെന്ന് പോലും വിളിക്കില്ല. അജയാ എന്നേ പറയാറുള്ളൂ. മമ്മൂക്ക ഭയങ്കര പ്രചോദനമാണ്. ഒരുപാട് കാര്യങ്ങള്‍ മമ്മൂക്കയില്‍ നിന്ന് പഠിക്കാനുണ്ട്. മമ്മൂക്കയെപ്പറ്റി മലയാള സിനിമയിലെ സകല താരങ്ങളും പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. കൊച്ചു കുട്ടികള്‍ക്ക് വരെ പാഠമാണ്.
മമ്മൂക്ക സിനിമയില്‍ മാത്രമേ അഭിനയിക്കുള്ളൂ. ജീവിതത്തില്‍ അദ്ദേഹം അഭിനയിക്കില്ല. ജീവിതത്തില്‍ അദ്ദേഹം പച്ചയായ നന്മയുള്ള, ദൈവഭയമുള്ള, സാധാരണക്കാരനായ മനുഷ്യനാണ്. പച്ചപ്പൊക്കെ കാണുമ്പോള്‍ ഭയങ്കര ഇഷ്ടമാണ്.
എന്റെ വീട്ടില്‍ വന്നിട്ടുണ്ട് അദ്ദേഹം. ഉച്ചക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നെ പ്രാങ്ക് ചെയ്തതോടെയാണ് മമ്മൂക്കയുമായുള്ള ബന്ധം തുടങ്ങുന്നത്. ഞാന്‍ ദുബൈയിലെ ഒരു പരിപാടിയില്‍ റേഡിയോയില്‍ രമേശ് പയ്യന്നൂരുമായുള്ള അഭിമുഖത്തിലായിരുന്നു. സീരിയസായി കുറേ കാര്യങ്ങള്‍ പറഞ്ഞുവരുമ്പോള്‍ ഒരു കാള്‍ വരുന്നുണ്ട് കണക്ട് ചെയ്യട്ടെയ്യെന്ന് ചോദിച്ചു.
ശരിയെന്ന് ഞാനും പറഞ്ഞു. ഹലോ ആരാണെന്ന് ചോദിച്ചു. ഞാന്‍ മമ്മൂട്ടിയാണെന്ന് മറുപടി. ഏത് മമ്മൂട്ടി? ഞാന്‍ ചോദിച്ചു.
മിമിക്രിയിലെ ആരെങ്കിലും പറ്റിക്കുകയാണോയെന്നാണ് ഞാന്‍ വിചാരിച്ചത്. സംസാരിച്ച് സംസാരിച്ച് പോകപ്പോകെ ആള്‍ ഒറിജിനലാണെന്ന് എനിക്ക് മനസിലായി. നിന്നെ ഇന്നയാള്‍ വളര്‍ത്തിയെന്ന് പറഞ്ഞ് നീ ഇതുവരെ വളര്‍ന്നില്ലല്ലോടാ എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഉറപ്പായി.
അത് കഴിഞ്ഞപ്പോഴാണ് രമേശേട്ടന്‍ പറഞ്ഞത്, അദ്ദേഹം ഇവിടെ ഷൂട്ടിന് വന്നതാണ്. കാറില്‍ പോകുന്ന വഴി ഇന്റര്‍വ്യൂ കേട്ടിട്ട് രമേശേട്ടനെ വിളിച്ചു കോളിലേക്ക് കണക്ട് ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞ് കണക്ട് ചെയ്യുകയായിരുന്നു. ഇങ്ങനെ സര്‍പ്രൈസുകള്‍ തരാന്‍ ഇഷ്ടമുള്ളൊരാളാണ് മമ്മൂക്ക,’ പക്രു പറഞ്ഞു.
തനിക്കുള്ള ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത് മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടണത്തില്‍ ഭൂതം സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
‘പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സെറ്റിലായിരിക്കുമ്പോഴാണ് എനിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൊറിയറായി ലഭിക്കുന്നത്. മമ്മൂക്കയാണ് ആ കൊറിയര്‍ കൈപറ്റിയത്. ഇതൊരു ചെറിയ കാര്യമല്ലെന്നും ആഘോഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഷോട്ടുകളിലൊക്കെ അദ്ദേഹം ഗിന്നസ് എന്ന് വിളിക്കുമായിരുന്നു. അന്ന് മുതലാണ് ഞാന്‍ പേരിനോടൊപ്പം ഗിന്നസ് എന്ന് ചേര്‍ത്തത്,’ ഗിന്നസ് പക്രു പറഞ്ഞു
content highlights: guinnese pakru about mammootty