ന്യൂദല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതില്‍ കൃത്യമായ മാര്‍ഗരേഖ പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. വധശിക്ഷ നടപ്പാക്കുന്നതില്‍ അസാധാരണമായ കാലതാമസം ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍.
ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം ശിക്ഷയില്‍ കഴിയുന്ന കുറ്റവാളിയുടെ തലയ്ക്ക് മുകളില്‍ വാള്‍ തൂങ്ങിക്കിടക്കുന്ന പ്രതീതി ഉണ്ടാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ വധശിക്ഷയ്ക്ക് ഉത്തരവിടുന്ന സാഹചര്യത്തില്‍ കീഴ്‌ക്കോടതികളിലെ നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ വൈകുന്ന അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരം നടപടികളാണ് വധശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവെക്കുകയും കുറ്റവാളികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശിക്ഷ നടപ്പിലാക്കാന്‍ സെഷന്‍സ് കോടതികള്‍ക്കും പങ്കുണ്ട്. എന്നാല്‍ ഇതിലുണ്ടാവുന്ന സെഷന്‍സ് കോടതികളുടെ ആശയക്കുഴപ്പം വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു.
ഇങ്ങനെയുള്ള കാര്യങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.
സി.ആര്‍.പി.സി 413,414 വകുപ്പുകള്‍ അനുസരിച്ചും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 453,454 വകുപ്പുകള്‍ അനുസരിച്ചും ശിക്ഷ നടപ്പാക്കേണ്ടത് എങ്ങനെയെന്നതില്‍ വ്യക്തമായ ധാരണയോടുകൂടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര സര്‍ക്കാര്‍ 2019ല്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 2007ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി 35 വര്‍ഷം തടവ് ശിക്ഷയായി ഇളവ് ചെയ്തിരുന്നു.
Content Highlight: guidelines must be followed to carry out executions: supreme court