ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് തരംതാഴ്ന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടി കിസാന്‍ ഏകതാസംഘ് മഹിളാ മോര്‍ച്ച നേതാവ് ഗീതാ ഭാരതി.
പ്രതിഷേധം തടയുന്നതിനായി പൊലീസുകാരും സര്‍ക്കാരും തന്റെ ചെരുപ്പ് തട്ടിയെടുത്തുവെന്നാണ് ഗ്രേറ്റര്‍ നോയിഡയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘത്തിന്റെ നേതാവ് കൂടിയായ ഇവര്‍ പറയുന്നത്.
ഇവര്‍ നിലത്തിരുന്ന് പ്രതിഷേധിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കിസാന്‍ ഏകതാ സംഘത്തിന്റെ മഹിളാ മോര്‍ച്ച പ്രസിഡന്റാണ് താനെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
പ്രതിഷേധം തടയുന്നതിനായി സര്‍ക്കാരും പൊലീസുകാരും തന്റെ ചെരുപ്പ് തട്ടിയെടുത്തുവെന്ന് ഗീത ഭാരതി അവകാശപ്പെട്ടു.
‘ഞാന്‍ താക്കൂര്‍ ഗീത ഭാരതി, കിസാന്‍ ഏകതാ സംഘ വനിതാ വിഭാഗം പ്രസിഡന്റാണ്. കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് കരുതി പൊലീസും സര്‍ക്കാരും എന്റെ ചെരുപ്പ് തട്ടിയെടുത്തു. പക്ഷേ, ഞാന്‍ നഗ്‌നപാദയായി പോരാടും. സര്‍ക്കാരിനെതിരെ പോരാടാന്‍ എനിക്ക് ചെരിപ്പ് വേണ്ട. ഇത് ചെയ്തവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. സര്‍ക്കാര്‍ എന്റെ ചെരുപ്പ് തിരികെ നല്‍കണം,’ എന്നായിരുന്നു ഉച്ചത്തില്‍ ഗീത ഭാരതി വീഡിയോയില്‍ പറയുന്നത്. നിരവധി പേര്‍ ഗീതാ ഭാരതിയുടെ സമീപത്തിരുന്ന് അവര്‍ക്ക് പിന്തുണയും നല്‍കുന്നുണ്ട്.
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രം. ബുധനാഴ്ചയാണ് ചര്‍ച്ച.
ആഭ്യന്തര ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്.
ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക