ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ 61 ദിവസമായി നടന്നുവന്ന കര്‍ഷക സമരം ചരിത്ര വിജയം നേടിയെന്ന് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു. സമരത്തിനൊടുവില്‍ യു.പിയില്‍ വ്യവസായ മന്ത്രി തലവനായ ഉന്നതാധികാര സമിതി രൂപീകരിക്കാമെന്ന് രേഖാമൂലം സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് അഖിലേന്ത്യ കിസാന്‍ സഭാ നേതാക്കള്‍ അറിയിച്ചു.
ഗ്രേറ്റര്‍ നോയിഡ വികസന അതോറിറ്റി ഓഫീസിന് മുന്നില്‍ നടന്ന രാപ്പകല്‍ സമരത്തിന്റെ എല്ലാ ആവശ്യവും അംഗീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് നേതാക്കള്‍ പറഞ്ഞു. ചരിത്ര സമരത്തിന്റെ വിജയാഘോഷം ഗ്രേറ്റര്‍ നോയിഡയിലെ എല്ലാ ഗ്രാമത്തിലും ബുധനാഴ്ച നടക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
വ്യവസായ മന്ത്രി ചെയര്‍മാനായ സമിതിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള രണ്ട് എം.പിമാരും എം.എല്‍.എമാരും വ്യവസായ വികസന വകുപ്പ് ചീഫ് സെക്രട്ടറി, ഗ്രേറ്റര്‍ നോയിഡ വികസന അതോറിറ്റി സി.ഇ.ഒ എന്നിവരും ഉണ്ടാകും. സമിതിയെ കുറിച്ചുള്ള വിജ്ഞാപനം ജൂണ്‍ 30ന് പുറത്തിറക്കും. 11 കര്‍ഷക നേതാക്കള്‍ സമിതിയിലുണ്ടാകും.
ജൂലൈ 15നകം ഈ സമിതി കര്‍ഷകരുടെ ആവശ്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 13 വര്‍ഷം മുമ്പ് ഗ്രേറ്റര്‍ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് പട്ടിക തയ്യാറാക്കി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും ഇരകളുടെ പുനരധിവാസവും ഉറപ്പാക്കുക, ഭൂമിയില്ലാത്തവര്‍ക്ക് 40 ചതുരശ്ര മീറ്റര്‍ ഭൂമി എന്നീ ആവശ്യങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാര്‍ അംഗീകരിച്ചു.
നോയിഡയില്‍ സമര നേതാക്കളെ ജയിലിലടച്ചും ലാത്തിച്ചാര്‍ജ് ചെയ്തും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് കിസാന്‍സഭാ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് ഹന്നന്‍മൊള്ള, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സമരനേതാക്കളായ ഡോ. രൂപേഷ് വര്‍മ, വീര്‍സിങ് നഗര്‍, ബ്രഹ്‌മപാല്‍ സുബേദാര്‍, സുരേഷ് മുഖ്യ, നിഷാത് റാവല്‍, മഹാരാജ് സിങ് പ്രധാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.