അതൊക്കെ പലരും വെറുതെ അഭിനയിച്ച് പോകും, മെത്തേഡ് ആക്ടറായതുകൊണ്ടാകാം, ഞാന്‍ അങ്ങനെയല്ല: ഗ്രേസ് ആന്റണി
Entertainment news
അതൊക്കെ പലരും വെറുതെ അഭിനയിച്ച് പോകും, മെത്തേഡ് ആക്ടറായതുകൊണ്ടാകാം, ഞാന്‍ അങ്ങനെയല്ല: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th January 2023, 10:55 am

സിനിമ കഴിഞ്ഞാലും കഥാപാത്രങ്ങള്‍ തന്റെയുള്ളില്‍ നിന്നും പോകാറില്ലെന്ന് നടി ഗ്രേസ് ആന്റണി. വളരെ ഇമോഷണലായിട്ടുള്ള കഥാപാത്രങ്ങള്‍ സിനിമ കഴിഞ്ഞതിനുശേഷവും തന്റെയുള്ളില്‍ നില്‍ക്കുമെന്നും താന്‍ ഒരു മെതേഡ് ആക്ടറായതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും ഗ്രേസ് പറഞ്ഞു.

തനിക്ക് കഥാപാത്രമാകാനും ഒരുപാട് സമയം ആവശ്യമാണെന്നും പല സിനിമകള്‍ ചെയ്യുമ്പോഴും ഈ കാര്യങ്ങള്‍ സംവിധായകരോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി തന്നിട്ടുണ്ടെന്നും താരം പറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ ഷൂട്ട് ചെയ്തപ്പോഴാണ് ഇത് കൂടുതലായി അനുഭവപ്പെട്ടതെന്നും ഗ്രേസ് പറഞ്ഞു. സെന്‍സേഷന്‍സ് എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

 

‘കഥാപാത്രങ്ങളൊക്കെ സിനിമ കഴിഞ്ഞാലും മനസില്‍ നിന്നും പോകില്ല. ആ കഥാപാത്രങ്ങള്‍ നമ്മളെ എപ്പോഴും വേട്ടയാടികൊണ്ടിരിക്കും. അത് ചില സീനുകളെടുക്കുന്ന പ്രത്യേകത കൊണ്ടാണ്. ചിലതൊക്കെ ഷൂട്ട് ചെയ്യുന്നത് വളരെ ഇമോഷണലായിട്ടാണ്. ചില അഭിനേതാക്കളൊക്കെ അത്തരം സീനുകള്‍ വെറുതെ അഭിനയിച്ച് പോകുന്നത് കാണാം.

പക്ഷെ എനിക്ക് എന്തോ അങ്ങനെ കഴിയാറില്ല. ഞാന്‍ ഒരു മെത്തേഡ് ആക്ടറായതുകൊണ്ട് അങ്ങനെ തോന്നുന്നതാണോയെന്ന് അറിയില്ല. കാരണം അഭിനയിച്ച് കഴിഞ്ഞാലും എന്റെയുള്ളില്‍ നിന്ന് ആ കഥാപാത്രങ്ങള്‍ പോകാറില്ല. പിന്നെ എനിക്ക് കഥാപാത്രത്തിലേക്ക് എത്താനും കുറച്ച് സമയം ആവശ്യമാണ്. അഭിനയിക്കാന്‍ പറഞ്ഞാലുടന്‍ എനിക്ക് കഥാപാത്രങ്ങളിലേക്ക് എത്താന്‍ കഴിയില്ല.

ഇമോഷണല്‍ സീനാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ ഞാന്‍ നേരത്തെ തന്നെ സംവിധായകനോട് ആവശ്യപ്പെടും എനിക്ക് കുറച്ച നിശബ്ദമായ അന്തരീക്ഷം ആവശ്യമാണെന്നും എനിക്ക് കഥാപാത്രത്തിലേക്കെത്താന്‍ കുറച്ച് സമയം ആവശ്യമാണെന്നുമൊക്കെ. അപ്പോള്‍ എന്തായാലും അവര്‍ ഓക്കെ പറയും. ഞാന്‍ തന്നെ സെറ്റില്‍ പറയാറുണ്ട് ‘പ്ലീസ് സൈലന്റ്‌സ്’ എന്ന്.

കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിക്കുമ്പോഴാണ് ഇത് പ്രധാനമായും എനിക്ക് അനുഭവപ്പെട്ടത്. കാരണം അത്തരത്തില്‍ ഒരു ആഴമുള്ള കഥാപാത്രം ഞാന്‍ ആദ്യമായിട്ടാണല്ലോ ചെയ്യുന്നത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവിടുത്തെ അന്തരീക്ഷം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആ ലൊക്കേഷന്‍ മൊത്തത്തില്‍ നിശബ്ദമായിരുന്നു. വൈകുന്നേരം ആറ് മുതല്‍ വെളുപ്പിനെ ആറ് വരെയാണ് സിനിമയുടെ ഷൂട്ട് നടന്നത്. അപ്പോള്‍ ഷൂട്ട് ചെയ്തതുകൊണ്ട് തന്നെ ശല്യങ്ങളൊന്നുമില്ലായിരുന്നു,’ ഗ്രേസ് ആന്റണി പറഞ്ഞു.

CONTENT HIGHLIGHT: GRACE ANTONY TALKS ABOUT HER ACTING METHOD