ന്യൂദൽഹി: കഴിഞ്ഞ വർഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിൽ വൻ വർധനയെന്ന് കണക്കുകൾ.
ചൊവ്വാഴ്ച്ച വൈകുന്നേരം പുറത്തിറക്കിയ കമ്പനിയുടെ ട്രാൻസ്പാരൻസി റിപ്പോർട്ടിലാണ് സർക്കാരിൽ നിന്നും ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാനുള്ള 3369 എമർജൻസി അപേക്ഷകൾ ലഭിച്ചുവെന്ന് കമ്പനി വ്യക്തമാക്കുന്നത്. 2018 ൽ 1478 അപേക്ഷ മാത്രമായിരുന്നു ലഭിച്ചത്. ഇരട്ടിയിലധികം വർധനയാണ് 2019ൽ ഉണ്ടായിരിക്കുന്നത്. 2017ൽ 460 ഉം, 2016ൽ 121 ഉം എമർജൻസി അപേക്ഷകളായിരുന്നു ലഭിച്ചത്.
എമർജൻസി നിയമപ്രകാരം നിയമപരമായ നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് സോഷ്യൽ മീഡിയയിലെ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ സാധിക്കും. ഗുരുതരമായ അപകടസാധ്യതകളോ, ശാരീരിക മുറിവുകളോ മരണസാധ്യതയോ ഉൾപ്പെടാൻ സാധ്യതയുള്ള കേസുകളിലാണ് ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നത്.
2019 തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്ന വർഷമായതിനാലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുൾപ്പെടെ വിവിധ തീരുമാനങ്ങൾ നടപ്പിലാക്കിയ പശ്ചാത്തലത്തിലും എമർജൻസി അപേക്ഷകളുടെ എണ്ണം വർദ്ധിച്ചുവെന്ന് ഫെയ്സ്ബുക്ക് പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക