തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഒരു മിനിട്ട് 18 സെക്കൻഡിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ആമുഖമായി കുറച്ച് വാചകങ്ങൾ വായിച്ച ശേഷം താൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് ഗവർണർ അറിയിച്ചു. 64 പേജുകളാണ് നയപ്രഖ്യാപനത്തിലുള്ളത്.
രാഷ്ട്രത്തെ നിലനിർത്തിയത് സഹകരണ ഫെഡറലിസമാണെന്നും അതിന് ശോഷണം സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയുണ്ടെന്നുമുള്ള ഭാഗമാണ് ഗവർണർ വായിച്ചത്. എന്റെ സർക്കാർ എന്ന് പോലും പറയാൻ അദ്ദേഹം തയ്യാറായില്ല.
കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളാണ് പ്രധാനമായും നയപ്രഖ്യാപനത്തിലുള്ളത്. സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്കും ഫെഡറൽ സംവിധാനത്തിനും കേന്ദ്രം വെല്ലുവിളിയാണെന്നും കടമെടുപ്പ് നിയന്ത്രണം പ്രതിസന്ധി ഉണ്ടാക്കിയെന്നും നയപ്രഖ്യാപനത്തിൽ പരാമർശിക്കുന്നുണ്ട്.
സുപ്രീംകോടതിയെ വരെ സമീപിക്കാൻ നിർബന്ധിതരായെന്നും കേന്ദ്ര നിലപാടിൽ അടിയന്തര പുനപരിശോധന വേണമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.
അതേസമയം ഒരു വരി വായിച്ചാൽ പോലും പ്രസംഗത്തിന് സാധുതയുണ്ടാകും. സഭയിൽ വിതരണം ചെയ്ത പ്രസംഗത്തിനാണ് സാധുതയുള്ളത്. അതിനാൽ പ്രസംഗം സഭയുടെ മേശപ്പുറത്ത് വച്ചാൽ വായിച്ചതായി കരുതാൻ സാധിക്കും.
1982ൽ ജനുവരി 29ന് അന്നത്തെ ഗവർണർ ആയിരുന്ന ജ്യോതി വെങ്കിടാചലം സഭയിലെ ബഹളത്തെ തുടർന്ന് ആറ് മിനിട്ടിൽ നയപ്രഖ്യാപനം അവസാനിപ്പിച്ചിരുന്നു. ഇതാണ് ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ള നയപ്രഖ്യാപനമായി കണക്കാക്കുന്നത്.
CONTENT HIGHLIGHT: Governor ends policy announcement in one minute