Advertisement
World News
ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല, തൊഴിലാളി കുടുബങ്ങള്‍ക്കായി അധികാരികള്‍ പ്രവര്‍ത്തിക്കണം: ബെര്‍ണി സാന്‍ഡേഴ്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 07:36 am
Tuesday, 11th February 2025, 1:06 pm

ന്യൂയോര്‍ക്ക്: ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല അധികാരികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ്.

നിത്യവേതനത്തിനായി ജോലിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് അധികാരവൃന്ദം പ്രവര്‍ത്തിക്കേണ്ടതെന്നും സാന്‍ഡേഴ്സ് പറഞ്ഞു. എക്സിലൂടെയാണ് സാന്‍ഡേഴ്‌സിന്റെ പ്രതികരണം.


ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള കോടീശ്വരന്മാരുടെ സമ്പത്തുമായി ബന്ധപ്പെട്ട കണക്കുകള്‍ പങ്കുവെച്ചാണ് ബെര്‍ണി സാന്‍ഡേഴ്സ് പ്രതികരിച്ചത്.

  1. മസ്‌കിന്റെ സമ്പത്ത് – $402 ബില്യണ്‍
  2. സക്കര്‍ബര്‍ഗിന്റെ സമ്പത്ത് – $252 ബില്യണ്‍
  3. ബെസോസിന്റെ സമ്പത്ത് – $249 ബില്യണ്‍ എന്നിങ്ങനെയാണെന്ന് സാന്‍ഡേഴ്സ് പറഞ്ഞു.

എന്നാല്‍ 60 ശതമാനം തൊഴിലാളികളും ജീവിക്കുന്നത് ശമ്പളം മുതല്‍ ശമ്പളം വരെയാണെന്നും സാന്‍ഡേഴ്സ് ചൂണ്ടിക്കാട്ടി. 85 ദശലക്ഷം ജനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കുറവുള്ളവരോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 800,000 പേര്‍ ഭവനരഹിതരാണെന്നും സാന്‍ഡേഴ്സ് പ്രതികരിച്ചു.

പ്രസ്തുത കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അധികാരവൃന്ദം തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് സാന്‍ഡേഴ്സ് പറഞ്ഞത്.

ഗസ പിടിച്ചെടുത്ത് റിയല്‍ എസ്റ്റേറ്റ് ഭൂമിയായി കണക്കാക്കി വികസനം സാധ്യമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് സാന്‍ഡേഴ്‌സിന്റെ പ്രതികരണം.

ഡൊണാള്‍ഡ് ട്രംപ്

ഗസയിലെ വികസനം പശ്ചിമേഷ്യയിലെ മറ്റ് അറബ് രാജ്യങ്ങളെ ഏല്‍പ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ട്രംപിന്റെ നിലപാടിനെതിരെ രംഗത്ത് വരികയാണ് ചെയ്തത്.

തെരഞ്ഞെടുക്കപ്പെടാതെ യു.എസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി മസ്‌ക് സ്‌പോണ്‍സര്‍ ചെയ്തത് മില്യണ്‍ ഡോളറുകളാണ്.

അടുത്തിടെ മസ്‌ക്കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന് യു.എസ് ട്രഷറി വകുപ്പിലേക്ക് പ്രവേശിക്കാന്‍ അധികാരമില്ലെന്ന് ന്യൂയോര്‍ക്ക് കോടതി വ്യക്തമാക്കിയിരുന്നു.

ഇലോൺ മസ്ക്

യു.എസിലെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറലുകള്‍ (നിയമോപദേഷ്ടാക്കള്‍) കേസ് ഫയല്‍ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടി കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിനെ (DOGE)) ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും നയിക്കുമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.

വിവേക് രാമസ്വാമി

ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Content Highlight: Government should work for working families, not billionaires: Bernie Sanders