ന്യൂ ദല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെ തുടര്‍ന്ന് 91 പേര്‍ രാജ്യം വിട്ടെന്ന് സര്‍ക്കാര്‍. ലോകസഭയിലുന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറാണ് വിചാരണ നടപടികള്‍ നേരിടുന്ന 31 പേരടക്കം 91 പേര്‍ രാജ്യം വിട്ട വിവരം അറിയിച്ചത്.
പി.എന്‍.ബി. തട്ടിപ്പുകേസില്‍ പ്രതിയായ നീരവ് മോദിയും ഭാര്യ അമി നീരവ് മോദിയും, മകന്‍ നീഷാല്‍ മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും 91 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. മദ്യരാജാവായ വിജയ് മല്യ, ലളിത് മോദി, ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി ജതിന്‍ മേഹ്ത എന്നിവരും പട്ടികയിലുണ്ട്. പുഷ്‌പേഷ് കുമാര്‍ ബൈദ്, ചേതന്‍ ജയന്തിലാല്‍ സന്തെസര, ആശിശ് ജോബന്‍പുത്ര എ്ന്നിവരും ഇക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍, ഏത് കാലയളവിലാണ് ഇവര്‍ രാജ്യംവിട്ടതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രാജ്യം വിട്ട വിജയ് മല്യ അടക്കമുള്ളവരെ വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചുകിട്ടണമെന്ന അഭ്യര്‍ഥന സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മറ്റു രാജ്യങ്ങളുമായി സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പി.എന്‍.ബി തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുകയാണ് നീരവ് മോദി.
തട്ടിപ്പുകള്‍ നടത്തി ഇത്തരത്തില്‍ രാജ്യം വിടുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക നിയമ നിര്‍മാണം പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Also Read: മോദി സര്‍ക്കാരിന്റെ പതനം തുടങ്ങിയെന്ന് പിണറായി വിജയന്‍