ശ്രീനഗര്‍: ഒമര്‍ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ പോരടങ്ങുന്ന ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും രാഹുല്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒമര്‍ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ജനത വോട്ട് ചെയ്തിരിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമായ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കശ്മീരികളുടെ ആദ്യത്തെ ചുവടുവെപ്പാണിതെന്നും രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് വരെ തങ്ങള്‍ പോരാട്ടം നടത്തുമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
ഇന്ത്യ സഖ്യത്തിന്റെ പിന്തുണയോടെയായുള്ള കശ്മീര്‍ സര്‍ക്കാര്‍ വോട്ടര്‍മാരുടെ നീതിയ്ക്കും പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി പ്രവൃത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമര്‍ അബ്ദുല്ലയുടെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി അഭിനന്ദനം അറിയിക്കുകയും ചെയ്തു. വോട്ടെന്ന തങ്ങളുടെ ശക്തി ഉപയോഗിച്ച്
നീതിയുടെയും ജനാധിപത്യത്തിന്റെയും ശബ്ദം ഉയര്‍ത്തിയതിന് കശ്മീര്‍ ജനതയുടെ പ്രിയങ്ക നന്ദി അറിയിക്കുകയുമുണ്ടായി.
‘ഇന്ത്യ’ കൂട്ടുകെട്ടിലുള്ള സര്‍ക്കാര്‍ പൊതുജനങ്ങളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത അവകാശങ്ങള്‍ തിരികെ നല്‍കുന്നതിനായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സമിതിയുടെയും സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
അതേസമയം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തോട് ബന്ധം പുലര്‍ത്താതിരിക്കുന്നത് ജമ്മു കശ്മീരിന് പ്രയോജനം ചെയ്യില്ലെന്നും കേന്ദ്രത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഒമര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിലൂടെ മാത്രമേ ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: Government of people fighting for rights in Jammu and Kashmir: Rahul Gandhi