national news
ഇന്ധന നികുതി വഴി മൂന്ന് വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ: നിര്‍മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 15, 05:06 am
Wednesday, 15th December 2021, 10:36 am

ന്യൂദല്‍ഹി: ഇന്ധനവിലയുടെ നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതില്‍ 3.71 ലക്ഷം കോടി രൂപയും 2020-21 വര്‍ഷത്തിലാണ് ലഭിച്ചത്. 2018 ഒക്ടോബറില്‍ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 ആയി വര്‍ധിച്ചു.

ഡീസലിന്റേത് ഇത് 15.33 ല്‍ നിന്ന് 21.80 ആയും വര്‍ധിച്ചു.

2021 ഫെബ്രുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ച ഇന്ധന നികുതി നവംബര്‍ നാലിനാണ് കുറയുന്നത്. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.

ഇതിനിടെ ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കാന്‍ തയ്യാറായതോടെയാണ് ഇന്ധനവിലയില്‍ നേരിയ മാറ്റം വന്നത്.

2018-19 കാലത്ത് 2,10,282 കോടി രൂപയും 2019-20 കാലത്ത് 2,19,750 കോടി രൂപയും 2020-21 കാലത്ത് 3,71,908 കോടി രൂപയുമാണ് ഇന്ധന നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചതെന്ന് ധനമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Government Earned ₹ 8 Lakh Crore From Taxes On Fuels In Last 3 Years