ഗവര്‍ണറുടേത് നാലാമത്തെ ഷോയെന്ന് മന്ത്രി ശിവന്‍കുട്ടി; പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമമെന്ന് എം.ബി രാജേഷ്
Kerala
ഗവര്‍ണറുടേത് നാലാമത്തെ ഷോയെന്ന് മന്ത്രി ശിവന്‍കുട്ടി; പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമമെന്ന് എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2024, 12:48 pm

നിലമേല്‍: എസ്.എഫ്.ഐ പ്രതിഷേധത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി.

ഗവര്‍ണറുടെ നാലാമത്തെ ഷോയാണ് ഇതെന്നും ഗവര്‍ണര്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ സുരക്ഷയും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും തന്റെ പദവി പോലും നോക്കാതെ അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

‘ഗവര്‍ണറുടെ നാലാമത്തെ ഷോയാണ് ഇത്. ഒന്നാമത്തെ ഷോ തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചപ്പോള്‍ കാറില്‍ നിന്നിറങ്ങി വെല്ലുവിളിച്ചുകൊണ്ടായിരുന്നു. ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് അന്ന് അദ്ദേഹം ചെയ്തത്.

രണ്ടാമത്തെ ഷോ നയപ്രഖ്യാപന വേളയിലായിരുന്നു. മൂന്നാമത്തെ ഷോ റിപ്പബ്ലിക് ദിനത്തില്‍ കാണിച്ച ഷോയായിരുന്നു. അന്ന് ഞാനും ഉണ്ടായിരുന്നു. ഇതിപ്പോള്‍ നാലാമത്തെ ഷോയാണ്.

നമ്മുടെ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പ്രധാനമന്ത്രി വരെ തെരഞ്ഞെടുക്കപ്പെട്ട ജനനേതാക്കന്‍മാര്‍ക്കെതിരെ പല രൂപത്തിലുള്ള സമരം നടക്കുക സ്വാഭാവികമാണ്. അത് ജനാധിപത്യ വിരുദ്ധമായിട്ടാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ പോലീസുണ്ട്. ഇത് മനപൂര്‍വം ഗവര്‍ണര്‍ താനിരിക്കുന്ന പദവി പോലും നോക്കാതെ പ്രവര്‍ത്തിക്കുകയാണ്. ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടത്തിയ ഗവര്‍ണര്‍മാര്‍ മറ്റൊരു സംസ്ഥാനത്തുമുണ്ടാകില്ല.

റോഡില്‍ ഇറങ്ങി കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി വെല്ലുവിളിക്കുകയാണ് അദ്ദേഹം. ഭരണഘടനാവിരുദ്ധകാര്യങ്ങള്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണറാണ് അദ്ദേഹം. കേരളത്തെ വെല്ലുവിൡക്കുകയാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഗവര്‍ണര്‍ അതിനെ ഹനിക്കുന്നു.

അദ്ദേഹം ഇരിക്കുന്നിടത്ത് മുഖ്യമന്ത്രി വരണം, ചീഫ് സെക്രട്ടറി വരണം എന്നൊക്കെയാണ് പറയുന്നത്. ഇതൊന്നും കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കേണ്ടത് ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഇതെന്ന കാര്യമാണ്. ആ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയോട് എത്ര തവണ നിങ്ങള്‍ മര്യാദയില്ലാതെ പെരുമാറിയിരിക്കുന്നു. അപ്പോള്‍ സഹിച്ചും പൊറുത്തും ഞങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങ് ഈ ഷോ നടത്തി ഇടത് മുന്നണി സര്‍ക്കാരിനേയും ജനങ്ങളേയും വിരട്ടാമെന്ന് കരുതണ്ട. അത് വിലപ്പോവില്ല,’ വി. ശിവന്‍കുട്ടി പറഞ്ഞു.

ഗവര്‍ണറുടെ പെരുമാറ്റം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ അദ്ദേഹം നോക്കുകയാണെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം. അതേസമയം വിഷയത്തില്‍ മറുപടി ഒരു ചിരിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലമേലില്‍ വെച്ചായിരുന്നു ഗവര്‍ണറുടെ വാഹനത്തിന് വേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഇതിന് പിന്നാലെ കാറില്‍നിന്ന് ഇറങ്ങിയ ഗവര്‍ണര്‍ പൊലീസിനുനേരെ ആക്രോശിച്ചു. പൊലീസിനെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ച അദ്ദേഹം റോഡ് വക്കില്‍ കസേരയിട്ട് പ്രതിഷേധിക്കുകയായിരുന്നു. സമരം നടത്തിയ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെയും ഗവര്‍ണര്‍ വിളിച്ചു പരാതി പറഞ്ഞു. പ്രധാനമന്ത്രിയെ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘി ഗവര്‍ണര്‍ ഗോബാക്ക് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്.

പൊലീസ് നിര്‍ബന്ധിച്ചിട്ടും വാഹനത്തില്‍ കയറാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. 17 പേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചെങ്കിലും എഫ്.ഐ.ആറിന്റെ പകര്‍പ്പ് കിട്ടാതെ പോകില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.