Daily News
ഗുരുവിനെ മതത്തിന്റെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ജാതിയില്ലാ വിളംബരം: ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 22, 04:07 am
Thursday, 22nd December 2016, 9:37 am

sathashivam


കേരള ചരിത്രത്തിന്റെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ മാര്‍ഗദീപമായിരുന്നത് ഗുരുദര്‍ശനങ്ങളാണ്. കേരളം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃകയായതില്‍ ഗുരുവിന്റെ പുരോഗമന ചിന്തകളുടെ സ്വാധീനമുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 


തിരുവനന്തപുരം: ജാതിയുടേയോ മതത്തിന്റെയോ അതിരുകളില്‍ തന്നെ തളച്ചിടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശ്രീനാരായണ ഗുരുവിന്റെ മറുപടിയാണ് “നമുക്ക് ജാതിയില്ല” വിളംബരമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.

ഗുരു എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടിരുന്ന ജാതിരഹിത സമൂഹത്തിലേക്കുള്ള രൂപരേഖയായിരുന്നു വിളംബരമെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിന്റെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ മാര്‍ഗദീപമായിരുന്നത് ഗുരുദര്‍ശനങ്ങളാണ്. കേരളം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃകയായതില്‍ ഗുരുവിന്റെ പുരോഗമന ചിന്തകളുടെ സ്വാധീനമുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

sathasivam

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പുരാവസ്തു പുരാരേഖ, സാംസ്‌കാരിക വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സന്ദേശങ്ങള്‍ക്കൊപ്പം പ്രവൃത്തിയിലൂടെയും വിപ്ലവങ്ങള്‍ സൃഷ്ടിച്ച സൈദ്ധാന്തികനായിരുന്നു ശ്രീനാരായണ ഗുരു. അരുവിപ്പുറത്ത് ശില സ്ഥാപിക്കുന്നതിലൂടെ സ്വതന്ത്രചിന്തയുടേയും രാഷ്ട്രീയ നവോത്ഥാനത്തിന്റെയും അടിസ്ഥാനമിടുകയായിരുന്നു അദ്ദേഹമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.


ഗുരുദര്‍ശനങ്ങളുടെ ആഴം ഇനിയും പൂര്‍ണമായി നമ്മള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് അനുദിനം പുതിയ ഉള്‍ക്കാഴ്ചകളാണ് ലഭിക്കുന്നത്. ജാതിയില്ലാ വിളംബരം ലോകത്തിനുള്ള ഐക്യസന്ദേശമാണ്, മതത്തിന്റെ ചങ്ങലകളും വിവേചനങ്ങളും പൊട്ടിച്ചെറിഞ്ഞ് ഒന്നിക്കാനുള്ള സന്ദേശം, ഗവര്‍ണര്‍ പറഞ്ഞു.


ഗുരുദര്‍ശനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ യുവാക്കള്‍ക്കിടയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.