നിഖിലേട്ടന്റെ ഡിസിഷന്‍; പൊരുളില്‍ അനുവിന്റെ കഥാപാത്രം ചെയ്യാനിരുന്നത് കരിക്കിലെ മറ്റൊരാള്‍: സംവിധായകന്‍
Entertainment
നിഖിലേട്ടന്റെ ഡിസിഷന്‍; പൊരുളില്‍ അനുവിന്റെ കഥാപാത്രം ചെയ്യാനിരുന്നത് കരിക്കിലെ മറ്റൊരാള്‍: സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th May 2024, 10:36 pm

വെബ് സീരീസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ യൂട്യൂബ് ചാനലാണ് കരിക്ക്. കരിക്കിന്റെ ഏറ്റവും പുതിയ സീരീസായിരുന്നു പൊരുള്‍. ഗൗതം സൂര്യ സംവിധാനം ചെയ്ത സീരീസില്‍ അനു കെ. അനിയന്‍, ജെയിംസ് ഏലിയ, ആന്‍ സലിം, മാല പാര്‍വതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

തോമ എന്ന കുട്ടിയുടെ തിരോധാനം നടന്ന് 27 വര്‍ഷത്തിന് ശേഷം ആ കേസിന്റെ ദുരൂഹതയിലേക്ക് കടന്നു ചെല്ലുന്ന രവി എന്ന പൊലീസുകാരനിലൂടെയാണ് കഥ മുന്നോട്ടു പോയത്. സീരീസില്‍ അനു.കെ. അനിയന്റെ കഥാപാത്രം ചെയ്യാനിരുന്നത് കിരണായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ഗൗതം സൂര്യ. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊരുളില്‍ അനുവിന്റെ കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരാളായിരുന്നു. കിരണായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കുറച്ച് അസൗകര്യങ്ങള്‍ ഉണ്ടായതോടെ ആ കഥാപാത്രം അനു ചെയ്യട്ടേയെന്ന് തീരുമാനിക്കുകയായിരുന്നു. നിഖിലേട്ടന്റെ ഡിസിഷനായിരുന്നു ഇത്,’ ഗൗതം സൂര്യ പറഞ്ഞു.

പ്രിയപ്പെട്ടവന്‍ പീയൂഷിന്റെ എപ്പിസോഡുകള്‍ വന്നപ്പോള്‍ അതിന് താഴെ കോമഡി സീരീസുകളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഒരുപാട് കമന്റുകള്‍ വന്നിരുന്നുവെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നു.

‘പീയൂഷ് ആയിരുന്നില്ല കരിക്ക് ആദ്യമായി കൊണ്ടുവന്ന സീരിയസ് ആയ എക്സ്പിരിമെന്റല്‍ ഡ്രാമ. കരിക്ക് ഫ്ളിക്ക് എന്ന ചാനലില്‍ വേറെ സീരിയസ് ആയിട്ടുള്ള ഡ്രാമകള്‍ വന്നിരുന്നു. എന്നാല്‍ പീയൂഷിന്റെ എപ്പിസോഡുകള്‍ വന്നപ്പോള്‍ അതിന് താഴെ കോമഡിയായ സീരീസുകളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ഒരുപാട് കമന്റുകള്‍ വന്നിരുന്നു.

ഇത് കണ്ടത് കൊണ്ട് പൊരുളിന്റെ സമയത്ത് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ പൊരുളിന്റെ ട്രെയ്ലറും പോസ്റ്ററും പുറത്തുവിട്ടപ്പോള്‍ പിന്നെ ആരും ഇതില്‍ കോമഡിയുണ്ടെന്ന് പ്രതീക്ഷിക്കില്ലെന്ന് ഉറപ്പായിരുന്നു. കാണാന്‍ വരുന്നവര്‍ മിസ്റ്ററി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്,’ ഗൗതം സൂര്യ പറഞ്ഞു.


Content Highlight: Goutham Soorya Talks About Anu K Aniyan’s Character In Porul