ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ഗൂഗിള്‍ അയച്ച ഒരു മെസേജ് ആണ് നിലവിലെ സംസാരവിഷയം.
ഗൂഗിള്‍ തങ്ങളുടെ നയം മാറ്റാന്‍ പോവുകയാണെന്നറിയിച്ച മെസേജ് കണ്ട് ആശയക്കുഴപ്പത്തിലാണ് ഉപയോക്താക്കള്‍.
ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം വരുത്തുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ മെസേജ്. 2021 ജൂണ്‍ ഒന്ന് മുതലാണ് ഗൂഗിള്‍ മാറ്റം കൊണ്ടുവരുന്നത്.
നിര്‍ജീവമായ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുക, സൗജന്യ സ്റ്റോറേജിന് പരിധി നിശ്ചയിക്കുക, കൂടുതല്‍ സ്റ്റോറേജിന് പണം നല്‍കുക തുടങ്ങിയവയാണ് ഗൂഗിളില്‍ വരാനിരിക്കുന്ന മാറ്റം.
നിലവില്‍ ഉപയോക്താവിന്റെ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, എന്നിവയില്‍ സേവ് ചെയ്യപ്പെടുന്ന വീഡിയോകളും ഫോട്ടോകളും ഡോക്യുമെന്റുകളും സൂക്ഷിക്കാന്‍ ഗൂഗിള്‍ തന്നെ 15 ജിബി ക്ലൗഡ് സ്റ്റോറേജ് നല്‍കുന്നുണ്ട്. എന്നാല്‍ ഇനിമുതല്‍ ഈ സൗജന്യ ജിബി ലഭിക്കില്ലെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.
ഗൂഗിള്‍ ഫോട്ടോസിലും ജൂണ്‍ ഒന്നുമുതല്‍ അണ്‍ലിമിറ്റഡ് സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇല്ലാതാവുമെന്നും ഗൂഗിള്‍ അറിയിച്ചു. അതായത് എത്ര വേണമെങ്കിലും ഫോട്ടോസും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ സൂക്ഷിക്കാമെന്ന സ്ഥിതി മാറുകയാണെന്ന് അര്‍ത്ഥം.