ഐ ലീഗിന്റെ സീസണിലേക്കുള്ള ഗോകുലം കേരള എഫ്.സി. ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനാണ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഇപ്പോള്‍ സീസണിന് മുന്നോടിയായി ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഒരു തകര്‍പ്പന്‍ സൈനിങ് നടത്തിയിരിക്കുകയാണ് ഗോകുലം കേരള എഫ്. സി.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ കളിച്ച അനുഭവസമ്പത്തുള്ള താരത്തെയാണ് ഗോകുലം സ്വന്തമാക്കിയത് എന്നുള്ളതാണ് ആരാധകരെ കൂടുതല്‍ സന്തോഷത്തിലാക്കിയിട്ടുള്ളത്. സ്പാനിഷ് ലെഫ്റ്റ് വിങ്ങറായ നാച്ചോ അബെലെഡോയെയാണ് ഗോകുലം തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്. ഗോകുലം എഫ്.സി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
2016-17 സീസണുകളില്‍ ആണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ ബി ടീമിന് വേണ്ടി താരം പന്തുതട്ടിയത്. ബാഴ്‌സലോണക്ക് പുറമെ മറ്റു സ്പാനിഷ് ക്ലബ്ബുകള്‍ക്ക് വേണ്ടിയും നാച്ചോ ബൂട്ട് കെട്ടിയിട്ടുണ്ട്. ബെറ്റിസ്, മാലാഗ, ഡിപ്പോര്‍ട്ടീവോ എന്നീ ക്ലബ്ബുകളുടെ ബി ടീമുകള്‍ക്ക് വേണ്ടിയും നാച്ചോ പന്തുതട്ടിയിട്ടുണ്ട്.
ലിനാറസ് ഡിപ്പോര്‍ട്ടീവോക്ക് വേണ്ടിയാണ് താരം അവസാനമായി ബൂട്ട് കെട്ടിയത്. 29 മത്സരങ്ങളിലാണ് താരം ഡിപ്പോര്‍ട്ടീവോക്ക് വേണ്ടി കളിച്ചത്. ഇതില്‍ രണ്ട് തവണ എതിര്‍ടീമിന്റെ പോസ്റ്റിലേക്ക് പന്തെത്തിക്കാനും നാച്ചോക്ക് സാധിച്ചു.
സ്പാനിഷ് സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഗോകുലത്തിന്റെ മുന്നേറ്റനിര കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഐ ലീഗിന്റെ കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഗോകുലം ഫിനിഷ് ചെയ്തത്. 24 മത്സരങ്ങളില്‍ നിന്നും 12 വിജയവും ആറു വീതം തോല്‍വിയും സമനിലയുമായി 42 പോയിന്റുമായിട്ടായിരുന്നു ഗോകുലം തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.
Content Highlight: Gokulam FC Signed Nacho Abeledo For The New Season