എന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ല, എന്നെ ദൈവം അയച്ചതാണ്; മോദി
India
എന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ല, എന്നെ ദൈവം അയച്ചതാണ്; മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2024, 4:16 pm

ന്യൂദൽഹി: തന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നും നരേന്ദ്രമോദി. തന്നെ ദൈവം പറഞ്ഞയച്ചത് ഒരുപാട് കാര്യങ്ങൾ ചെയ്ത തീർക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.

‘എന്റെ അമ്മ ജീവിച്ചിരിക്കുന്നത് വരെയായിരുന്നു എന്റെ ജനനം ജൈവീകമായി നടന്നതാണെന്ന് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ അമ്മയുടെ വിയോഗത്തിന് ശേഷം എനിക്കുണ്ടായ നിരവധി അനുഭവങ്ങൾ നോക്കിയപ്പോൾ എന്നെ ദൈവം അയച്ചതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നിൽ ഉൾക്കൊള്ളുന്ന ഊർജ്ജം സാധാരണ മനുഷ്യരിൽ ഉണ്ടാവില്ല. ഇത് ദൈവീകമായ ശക്തിയാണ്,’ അദ്ദേഹം പറഞ്ഞു.

ദൈവം ഭൂമിയിൽ പലതും ചെയ്യാൻ വേണ്ടി തന്നെ തെരഞ്ഞെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ ഒന്നുമല്ല, ദൈവത്തിന് ചിലത് നടപ്പിലാക്കാനുള്ള ഉപകരണം മാത്രമാണ്. ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെകിൽ അത് ദൈവത്തിന്റെ ഇഷ്ടപ്രകാരം മാത്രമാണ്,’ മോദി പറഞ്ഞു.

തനിക്ക് ദൈവത്തെ കാണാൻ സാധിക്കാതിരിക്കുമ്പോൾ താൻ തന്റെ 140 കോടി ജനങ്ങളെ നോക്കുമെന്നും അവരിൽ ദൈവത്തെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ജനങ്ങളെ താൻ ആരാധിക്കാറുണ്ടെന്നും മോദി പറഞ്ഞു.

സമാനമായ കാര്യം ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് 24 ന് നൽകിയ അഭിമുഖത്തിലും മോദി പറഞ്ഞിരുന്നു. ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ദൈവം തന്നെ അയച്ചതാണെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു.

 

Content Highlight: God sent me here to do many things new statement of Modi