തായ്‌പേയ് സിറ്റി: തായ്‌വാനില്‍ നടക്കേണ്ടിയിരുന്ന എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ അന്താരാഷ്ട്ര ഇവന്റ് റദ്ദാക്കി.
2025ല്‍ നടക്കാനിരുന്ന പരിപാടിയില്‍ നിന്ന് തായ്‌വാന്റെ പേര് നീക്കം ചെയ്യണമെന്ന് ഇവന്റിന്റെ സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തായ്‌വാനിലെ പരിപാടി റദ്ദാക്കിയത്.
വേള്‍ഡ് പ്രൈഡ് 2025 (WorldPride 2025) എന്നായിരുന്നു പരിപാടിയുടെ പേര്. എന്നാല്‍ ടൈറ്റിലില്‍ നിന്ന് ‘തായ്‌വാന്‍’ എന്ന പേര് നീക്കം ചെയ്യണമെന്ന് സംഘാടകര്‍ നിര്‍ബന്ധിച്ചിച്ചുവെന്നും പിന്നാലെ പരിപാടി റദ്ദാക്കിയെന്നും ഇതിന് പിന്നില്‍ ‘രാഷ്ട്രീയ കാരണങ്ങളു’ണ്ടെന്നും തായ്‌വാന്‍ കുറ്റപ്പെടുത്തി.
തായ്‌വാന്റെ തെക്കന്‍ നഗരമായ കാവോസിയങ് (Kaohsiung) ആയിരുന്നു പ്രൈഡ് ഇവന്റിന് ആതിഥേയത്വം വഹിക്കാനിരുന്നത്. ആഗോള എല്‍.ജി.ബി.ടി.ക്യു അവകാശ സംഘടനയായ ഇന്റര്‍പ്രൈഡില്‍ (InterPride)
നിന്നായിരുന്നു പരിപാടി നടത്തുന്നതിനുള്ള അവകാശം തായ്‌വാന്‍ നേടിയത്.
”തായ്‌വാനില്‍ ഇവന്റ് നടക്കുകയാണെങ്കില്‍, അത് തായ്‌വാന്റെയും തായ്വാനിലെ സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന് സൂക്ഷ്മമായ വിലയിരുത്തലിനുശേഷം ഞങ്ങള്‍ മനസിലാക്കി.
അതിനാല്‍, കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ പ്രോജക്ട് നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.
തായ്‌വാനില്‍ ഈ പരിപാടി നടക്കുകയായിരുന്നെങ്കില്‍ കിഴക്കന്‍ ഏഷ്യയില്‍ തന്നെ ആദ്യമായി നടക്കുന്ന വേള്‍ഡ് പ്രൈഡ് 2025 ആയിരുന്നേനെ ഇതെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.