മോഹൻ ഭഗവതിനെ വിമർശിച്ചു; ഒവൈസിയുടെ ഡി.എന്‍.എയില്‍ ഇന്ത്യാവിരുദ്ധതയെന്ന് ഗിരിരാജ് സിങ്
national news
മോഹൻ ഭഗവതിനെ വിമർശിച്ചു; ഒവൈസിയുടെ ഡി.എന്‍.എയില്‍ ഇന്ത്യാവിരുദ്ധതയെന്ന് ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2024, 8:52 pm

ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ ഡി.എന്‍.എയില്‍ ഇന്ത്യാവിരുദ്ധത വികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഒവൈസിയെ പോലുള്ള വ്യക്തികളില്‍ നിന്നും അത്തരക്കാരുടെ ചിന്തകളില്‍ നിന്നുമാണ് ഇന്ത്യക്ക് കൂടുതല്‍ അപകടമുണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനുമെതിരെ ഒവൈസി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഗിരിരാജ് സിങ്ങിന്റെ പരാമര്‍ശം.

രാജ്യത്തെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അപകടമുണ്ടാക്കുന്നത് നരേന്ദ്ര മോദിയും മോഹന്‍ ഭഗവതുമാണെന്ന് തെലങ്കാനയിലെ നിസാമാബാദില്‍ വെച്ച് ഒവൈസി ചൂണ്ടിക്കാട്ടിയിരുന്നു.

ഭാഷയിലും ജാതിയിലുമുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ഭഗവത് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

ഇതിനുപിന്നാലെയാണ് ഗിരിരാജ് സിങ് ഒവൈസിക്കെതിരെ രംഗത്തെത്തിയത്. മോഹന്‍ ഭഗവത് പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്ന് വാദമുയര്‍ത്തിയാണ് കേന്ദ്രമന്ത്രി ഒവൈസിയെ വിമര്‍ശിച്ചത്.

രാജ്യത്തെ നിലവില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് സനാതന ധര്‍മത്തിന്റെ അനുയായികളെല്ലാം ഒരുമിക്കണമെന്നും അല്ലാത്തപക്ഷം ഒവൈസി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ രാജ്യത്തെ ഭിന്നിപ്പിക്കുമെന്നുമാണ് ഗിരിരാജ് സിങ് പറഞ്ഞത്.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നതില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വലിയ പങ്കുണ്ടെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഗിരിരാജ് ആരോപിച്ചു.

രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കണമെന്നും ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. അത് ഇന്ത്യക്കാരുടെ യഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്ന് ലോകത്തെ അറിയിക്കുന്നതിനും അനധികൃത കുടിയേറ്റത്തിന്റെ ഭീഷണിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും കാരണമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Content Highlight: Giriraj Singh says that anti-India is in Owaisi’s DNA