ചരിത്രം തിരുത്തിക്കുറിച്ച് ആദ്യമായി കേരളത്തില്‍ തുടര്‍ഭരണത്തിന് കളമൊരുങ്ങുകയാണ്. കേരളത്തില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി നല്‍കി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരം നേടിയിരിക്കുന്നു.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 99 എണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് തങ്ങളുടെ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് സ്വാധീനമുറപ്പിക്കാനായത്. ഒരു സീറ്റു പോലും നേടാന്‍ കഴിയാതെ എന്‍.ഡി.എ തകര്‍ന്നടിയുകയും ചെയ്തു.
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയത്തിന് തിളക്കമേകുന്ന മറ്റൊരു കാര്യമാണ് മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച സംസ്ഥാന ആരോഗ്യമന്ത്രി കൂടിയായ കെ.കെ ശൈലജ ടീച്ചറുടെ വിജയം.
ആകെ 96129 വോട്ടുകളാണ് ശൈലജ ടീച്ചര്‍ക്ക് ലഭിച്ചത്. അതോടെ 35166 വോട്ടുകള്‍ നേടിയ ഇല്ലിക്കല്‍ അഗസ്തി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
പിണറായി മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ 2016 ല്‍ വിജയിച്ച മണ്ഡലമാണ് മട്ടന്നൂര്‍. അന്ന് 43,381 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇ.പി ജയരാജന്‍ വിജയിച്ചത്. ഈ ഭൂരിപക്ഷം വീണ്ടും കുത്തനെ വര്‍ധിപ്പിച്ചാണ് ശൈലജ ടീച്ചര്‍ ഇത്തവണ വിജയക്കൊടി പാറിച്ചത്.
2016 ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയയാളാണ് കെ.കെ.ശൈലജ ടീച്ചര്‍. തുടര്‍ന്ന് പിണറായി മന്ത്രിസഭയിലെ ആരോഗ്യം- സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
നിപ, കൊറോണ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളശ്രദ്ധ നേടിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപിച്ച ശൈലജ ടീച്ചറെ ഐക്യരാഷ്ട്രസഭ തന്നെ ആദരിച്ചതും വാര്‍ത്തയായിരുന്നു.
അതേസമയം പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത് പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരത്തിനാണ്. യൂത്ത് ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചയാളാണ് നജീബ് കാന്തപുരം.
76530 വോട്ടുകള്‍ നേടിയ അദ്ദേഹം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.പി മുഹമ്മദ് മുസ്തഫയായിരുന്നു പെരിന്തല്‍മണ്ണയില്‍ നജീബിന്റെ എതിരാളി. 76492 വോട്ടുകളാണ് മുഹമ്മദ് മുസ്തഫയ്ക്ക് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക