സ്വന്തം നാട് നന്നാക്കിയില്ലെങ്കിലും കശ്മീരിനെ നശിപ്പിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്: ഗുലാം നബി ആസാദ്
national news
സ്വന്തം നാട് നന്നാക്കിയില്ലെങ്കിലും കശ്മീരിനെ നശിപ്പിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്: ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2022, 10:53 pm

ശ്രീനഗര്‍: കശ്മീരിലെ ജനങ്ങളുടെ നാശത്തിന് കാരണം പാകിസ്ഥാന്‍ ആണെന്ന പ്രസ്താവനയുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
തീവ്രവാദികളോട് അക്രമത്തിന്റെ പാത ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകളിലും നാശത്തിലും പാകിസ്ഥാന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെങ്കിലും ജമ്മു കശ്മീരിലെ ജനങ്ങളെ നാശത്തിലേക്ക് നയിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച ആസാദ് ജമ്മു കശ്മീരിലുടനീളം പൊതു റാലികള്‍ നടത്തിവരികയാണ്. തീവ്രവാദത്തിന്റെ പാതയില്‍ നടന്ന രാഷ്ട്രങ്ങളെല്ലാം തീവ്രവാദത്തിന്റെ തന്നെ ഇരകളായി തീര്‍ന്നുവെന്നും ഇത് ആ രാജ്യത്തിന്റെ മുഴുവന്‍ തലമുറകളെയും മരണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയിലേക്ക് എത്തിച്ചെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

തോക്കുകള്‍ ഉപേക്ഷിച്ച് തങ്ങള്‍ക്കും കുടുംബത്തിനും രാജ്യത്തിനും വേണ്ടി സമാധാനപരമായ ജീവിതം നയിക്കാനും അദ്ദേഹം തീവ്രവാദികളോട് ആവശ്യപ്പെട്ടു. തോക്ക് സംസ്‌കാരം നാശമാണെന്ന് തെളിഞ്ഞുവെന്നും ആ സംസ്‌കാരം ജനങ്ങള്‍ക്ക് വേദനയും നിരാശയും മാത്രമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ അധികാരമുള്ളൂവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 2019ലാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയത്.

‘ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് എനിക്ക് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അത് പുനഃസ്ഥാപിക്കാന്‍ അധികാരവും അധികാരവുമുള്ള ആളാണ് അദ്ദേഹം,” അദ്ദേഹം പറഞ്ഞു.

അതേസമയം ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ‘ദ റെസിസ്റ്റന്‍സ് ഫ്രണ്ടില്‍’ നിന്ന് ആസാദിന് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഭീഷണികള്‍ വന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ ആസാദ് രാജ്യദ്രോഹിയാണെന്നും രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ നിറം മാറുന്ന ഓന്താണെന്നും ആരോപണങ്ങള്‍ വന്നിരുന്നു.

ഓഗസ്റ്റ് 26നാണ് ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഗുലാം നബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നു.

രാഹുല്‍ ഗാന്ധി വന്നതിന് ശേഷമാണ് പാര്‍ട്ടി പരാജയപ്പെട്ടുതുടങ്ങിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞിരുന്നു.

2013ല്‍ നിങ്ങള്‍ (സോണിയ ഗാന്ധി) രാഹുല്‍ ഗാന്ധിയെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍ അതുവരെ നിലനിന്നിരുന്ന എല്ലാ കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസങ്ങളും രാഹുല്‍ ഗാന്ധി ഇല്ലാതാക്കി. മുന്‍ പരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തഴയപ്പെട്ടു. പുതു തലമുറക്കാരും രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലാത്തവരും പാര്‍ട്ടി വിഷയങ്ങളും പൊതു വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇത്തരം പക്വതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമങ്ങളുള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം നോക്കിനില്‍ക്കേ രാഹുല്‍ ഗാന്ധി ഒരു സര്‍ക്കാര്‍ ഉത്തരവ് കീറിക്കളഞ്ഞത്. ആ പ്രവര്‍ത്തി പക്വതയില്ലായ്മ തന്നെയായിരുന്നു,’ അദ്ദേഹം രാജിക്കത്തില്‍ കുറിച്ചു.

ഈ പ്രവര്‍ത്തിയാണ് 2014ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള പ്രധാന കാരണമായതെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചു. നാണംകെട്ട രീതിയിലാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ghulam Nabi azad says pakistan is the reason behind every misery faced by kashmiri people