'ഒടുവില്‍ ആരെങ്കിലുമൊക്കെ എന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞു'; പത്മഭൂഷണ്‍ സ്വീകരിച്ച് ഗുലാം നബി ആസാദ്
national news
'ഒടുവില്‍ ആരെങ്കിലുമൊക്കെ എന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞു'; പത്മഭൂഷണ്‍ സ്വീകരിച്ച് ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd March 2022, 8:06 am

ന്യൂദല്‍ഹി: രാജ്യമോ സര്‍ക്കാരോ ഒരു വ്യക്തിയുടെ പ്രവര്‍ത്തി അംഗീകരിക്കുന്നത് വളരെ സന്തോഷമുളവാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തിങ്കളാഴ്ച രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘എന്റെ പ്രവര്‍ത്തി ആരെങ്കിലും അംഗീകരിച്ചതില്‍ സന്തോഷം. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും ജനങ്ങളെ സേവിക്കാനാണ് ശ്രമിച്ചത്. പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിനു തന്നെയാണ് ശ്രമിച്ചത്. ഇത് കണക്കിലെടുത്ത് സര്‍ക്കാരും രാജ്യത്തെ ജനങ്ങളും നല്‍കിയ അവാര്‍ഡില്‍ ഞാന്‍ സന്തുഷ്ടനാണ്,’ അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ഗുലാം നബി തിങ്കളാഴ്ച മറുപടി നല്‍കി. ‘എന്തിനാണ് ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്നും ആര്‍ക്കാണ് നല്‍കുന്നതെന്നുമാണ് ചിലര്‍ പരിശോധിക്കുന്നത്.

അവാര്‍ഡിനര്‍ഹനായ വ്യക്തിയുടെ പ്രവര്‍ത്തിയും സംഭാവനകളുമൊന്നും ഇവര്‍ കാണുന്നില്ല. ഈ അവാര്‍ഡ് രാഷ്ട്രം എനിക്ക് നല്‍കിയതാണ്,’ അദ്ദേഹം പറഞ്ഞു.

പബ്ലിക് അഫയേഴ്‌സ് മേഖലയിലെ മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണ് പത്മഭൂഷണ്‍ പുരസ്‌കാരം. ഗുലാം നബിക്കൊപ്പം അവാര്‍ഡ് പ്രാഖ്യാപിക്കപ്പെട്ട സി.പി.ഐ.എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ, ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി എന്നിവര്‍ പുരസ്‌കാരം നിരസിച്ചിരുന്നു.

തുടര്‍ന്ന് ഗുലാം നബി ആസാദ് പത്മാ പുരസ്‌ക്കാരം സ്വീകരിച്ചതുമായ് ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. അനുഭവസമ്പന്നനായ ഗുലാം നബിയുടെ സേവനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് ഗുലാം നബി ആസാദിനെ അഭിനന്ദിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും കപില്‍ സിബല്‍ പറഞ്ഞത്.

അതേസമയം ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നാണ് പത്മഭൂഷണ്‍ സ്വീകരിയ്ക്കാനുള്ള ഗുലാം നബി ആസാദിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജയറാം രമേശ് പറഞ്ഞത്.


Content Highlight:  Ghulam Nabi Azad said that it would be a great pleasure for the country  recognize the actions of an individual