Film News
എ.ഐയുടെ ടെക്‌നിക്കോ? പുതിയ ചിത്രത്തില്‍ ചെറുപ്പമായി ശിവണ്ണ; ഒപ്പം ജയറാമും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 01, 07:32 am
Sunday, 1st October 2023, 1:02 pm

ശിവ രാജ്കുമാറിന്റെ പുതിയ ചിത്രം ഗോസ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. ശ്രീനി സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ കഥയാണ് പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ട്രെയ്‌ലറില്‍ ചെറുപ്പമായിരിക്കുന്ന ശിവ രാജ്കുമാറിനേയും കാണാം. ഇത് എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്തതാവാം എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍.

ട്രെയ്‌ലറില്‍ ശിവ രാജ്കുമാറിനൊപ്പം ജയറാമും എത്തുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മസ്ത്രിയും പ്രസന്നയും തിരക്കഥ എഴുതുന്ന ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കലാ സംവിധാനം കെ.ജി.എഫ് ഫെയിം ശിവ കുമാറാണ് നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് ഗോസ്റ്റിന്റെ സംഗീത സംവിധാനം.

നേരത്തെ രജിനികാന്ത് ചിത്രം ജയിലറിലെ നരസിമ്മ എന്ന ഗസ്റ്റ് റോള്‍ അദ്ദേഹത്തിന് തെന്നിന്ത്യയില്‍ കൂടുതല്‍ ആരാധകരെ നേടികൊടുത്തിരുന്നു. മോഹന്‍ലാലിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സും സ്വാഗും കേരളത്തിലും ചര്‍ച്ചയായിരുന്നു.

താരം ഉടന്‍ മലയാളത്തിലും അഭിനയിച്ചേക്കും. പൃഥ്വിരാജിന്റെ ചിത്രത്തില്‍ താന്‍ എത്തിയേക്കും എന്ന് അദ്ദേഹം മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ സിനിമകള്‍ ഇഷ്ടമാണെന്നും പുതിയ ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: Ghost movie trailer