'ഇത് എന്റെ ഘര്‍ വാപസി'; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്ത ബി.ജെ.പി എം.എല്‍.എ പറയുന്നു
ഭോപാല്‍: ‘ഇത് എന്റെ ഘര്‍വാപസിയാണ്’ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എം.എല്‍.എമാരിലൊരാളായ നാരായണ്‍ ത്രിപാഠിയുടെ വാക്കുകളാണിത്. വോട്ടെടുപ്പിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന നാരായണ്‍ ത്രിപാഠി 2014ല്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയ ആളാണ്. നാരായണ്‍ ത്രിപാഠിയെ കൂടാതെ ബി.ജെ.പി എം.എല്‍.എയായ ശരദ് കോളാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്.
മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിടുമെന്ന് ബി.ജെ.പി ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ക്രിമിനല്‍ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രണ്ട് ബി.ജെ..പി എം.എല്‍.എമാര്‍ വോട്ടു ചെയ്തത്.
ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഇന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇതിന് മുഖ്യമന്ത്രി കമല്‍നാഥ് സഭയില്‍ മറുപടി നല്‍കിയിരുന്നു. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും അദ്ദേഹം പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്വാരിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി.ജെ.പി പരമാവധി ശ്രമിക്കും. എന്നാല്‍ ഇത് കമല്‍നാഥ് സര്‍ക്കാരാണ്. കുമാരസ്വാമി സര്‍ക്കാരല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്കാര്‍ ഏഴ് ജന്മം ജനിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.