'നമ്മുടെ നിലപാട് വരും തലമുറയേറ്റെടുക്കും, നമ്മളുയര്‍ത്തിയ ശബ്ദം റദ്ദായിപ്പോകില്ല'; ഗീതു മോഹന്‍ദാസ്
Kerala News
'നമ്മുടെ നിലപാട് വരും തലമുറയേറ്റെടുക്കും, നമ്മളുയര്‍ത്തിയ ശബ്ദം റദ്ദായിപ്പോകില്ല'; ഗീതു മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th October 2020, 8:25 pm

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുട സംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍വതി തിരുവോത്ത്, രേവതി, പത്മപ്രിയ തുടങ്ങിയവരെ പിന്തുണച്ച് സംവിധായികയും നടിയുമായി ഗീതു മോഹന്‍ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും കരുത്തും ആശംസിക്കുന്നുവെന്ന് ഗീതു ഫേസ്ബുക്ക് പോസ്റ്റിലെഴുതി. ഇന്ന് തങ്ങള്‍ നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെടണമെന്നില്ലെന്നും വരും തലമുറ ഈ നിലപാട് ഏറ്റെടുക്കുമെന്നും ഗീതു പറഞ്ഞു.

നമ്മള്‍ തെരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല- ഗീതു ഫേസ്ബുക്കിലെഴുതി.

നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നതെന്നും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാമെന്നും ഗീതു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി , പത്മപ്രിയ

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.

 

കഴിഞ്ഞ ദിവസമാണ് അമ്മയില്‍ നിന്നും രാജിവെയ്ക്കുന്നുവെന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് സംഘടനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതിയുടെ രാജി. നേരത്തെ സംഘടനയില്‍ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

അതേസമയം അമ്മയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതിയും പ്രതികരിച്ചു. സംഘടനാ നേതൃത്വത്തിന് സ്ത്രീകളുടെ പ്രശ്നങ്ങളോട് പുച്ഛമാണെന്നും അവര്‍ പറയുന്നതിനോട് വഴങ്ങുന്നവര്‍ക്ക് മാത്രമേ അവിടെ നിലനില്‍പ്പുള്ളുവെന്നും രേവതി പറഞ്ഞു.

‘ആദ്യം എക്സ്‌ക്യുട്ടീവ് കമ്മറ്റി മീറ്റിംഗിന് പോയപ്പോള്‍ ഒരു മാറ്റമുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതില്‍ ആവശ്യപ്പെട്ട പല കാര്യങ്ങള്‍ക്കും പിന്നീടുള്ള ഏഴ് മാസത്തോളം ഒരു മറുപടിയുമുണ്ടായില്ല. അമ്മയുടെ പ്രസിഡന്റിന് നിരവധി ഇ-മെയിലുകള്‍ അയച്ചു. പക്ഷേ, ഞങ്ങളോട് ഒരു മറുപടിയും നല്‍കിയില്ല. മാധ്യമങ്ങളോടാണ് മറുപടി നല്‍കിയത്. അതോടെ ഞങ്ങള്‍ക്ക് മനസിലായി ഒരു മാറ്റം ഉണ്ടാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന്’- രേവതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Geethu Mohandas Facebook Post Supports