ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ച ജി.സി മുര്‍മുവിനെ രാജ്യത്തിന്റെ കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി
(സി.എ.ജി) നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ചയാണ് മുര്‍മു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയൊഴിഞ്ഞത്. തല്‍സ്ഥാനത്തേക്ക് മനോജ് സിന്‍ഹയെ നിയമിച്ചിരുന്നു.
നിലവിലെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്രിഷി വിരമിക്കാനിരിക്കെയാണ് മുര്‍മുവിന്റെ നിയമനം. കഴിഞ്ഞുകിടക്കാന്‍ പാടില്ലാത്ത ഭരണഘടനാ തസ്തികയാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പോസ്റ്റ്.
ഓഗസ്റ്റ് എട്ടിന് രാജീവ് മെഹ്രിഷിക്ക് 65 വയസ് തികയും അതുകൊണ്ടാണ് പകരക്കാരനെ തിരക്കിട്ട് നിയമിച്ചതെന്ന് സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍.ഡി ടി.വിയോട് പറഞ്ഞു.
കേന്ദ്ര ഭരണപ്രദേശത്ത് അതിര്‍ത്തി നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ചത്. രണ്ടുവര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നാണ് വിവരം.