'ഈ സര്‍ക്കാരും സന്ധ്യയുമുള്ളപ്പോള്‍ എനിയ്ക്ക് നീതി കിട്ടില്ല'; തനിയ്‌ക്കെതിരെ നടന്നത് എ.ഡി.ജി.പി സന്ധ്യയുടെ ഗൂഢാലോചനയെന്ന് ഗംഗേശാനന്ദ
Daily News
'ഈ സര്‍ക്കാരും സന്ധ്യയുമുള്ളപ്പോള്‍ എനിയ്ക്ക് നീതി കിട്ടില്ല'; തനിയ്‌ക്കെതിരെ നടന്നത് എ.ഡി.ജി.പി സന്ധ്യയുടെ ഗൂഢാലോചനയെന്ന് ഗംഗേശാനന്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2017, 5:03 pm

 

തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിച്ച കേസില്‍ എ.ഡി.ജി.പി ബി. സന്ധ്യയ്‌ക്കെതിരെ ഗംഗേശാനന്ദ. കേസിനു പിന്നില്‍ സന്ധ്യയാണെന്നും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കില്ലെന്നും ഗംഗേശാനന്ദ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സര്‍ക്കാരും സന്ധ്യയുമുള്ളപ്പോള്‍ നീതിപൂര്‍വമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസും കൂട്ടരും പൊലീസും ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോയതാണെന്നും ഗംഗേശാനന്ദ പറഞ്ഞു. ചട്ടമ്പിസ്വാമി സ്മാരകനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്ന് സന്ധ്യയ്ക്ക് ശത്രുതയുണ്ടെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.


Also Read: ‘എന്തു തെറ്റാണ് എന്റെ മകള്‍ ചെയ്തത്? ആര് ഉത്തരം പറയും?’ ചോദ്യങ്ങളുമായി അനിതയുടെ അച്ഛന്‍


” സംഭവം നടക്കുമ്പോള്‍ താന്‍ പെണ്‍കുട്ടിയെ മാത്രമേ കണ്ടുള്ളൂ. അബോധാവസ്ഥയിലായതിനാല്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് കാണാനായില്ല. ഈ തിരക്കഥ രചിച്ചത് അയ്യപ്പദാസും പന്മന ആശ്രമത്തിലുണ്ടായിരുന്ന അജിത്ത് കുമാറും മനോജ് മുരളിയും ചേര്‍ന്നാണ്.”

ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തുന്ന തന്റെ കമ്പ്യൂട്ടര്‍ പൊലീസിന്റെ പക്കലാണെന്നും ഗംഗേശാനന്ദ പറയുന്നു. കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുണ്ടെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.

“കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കുള്‍പ്പെടെ എത്രപേര്‍ക്കിത് കാണും? തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം.”  പെണ്‍കുട്ടിയും വീട്ടുകാരുമായും ഇപ്പോഴും അടുപ്പമുണ്ടെന്നും ഭക്ഷണം അവരാണ് ഇപ്പോഴും കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.