ന്യൂദല്‍ഹി: കേരളത്തെ വിറപ്പിച്ച നിപായുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിനിടയാക്കിയ നിപ മനുഷ്യരിലേക്ക് പടര്‍ന്നത് പഴംതീനി വവ്വാലുകള്‍ വഴി തന്നെയാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പരിശോധന ഫലം പുറത്തുവന്നിരിക്കുന്നത്.
നിപ ബാധിച്ചുള്ള ആദ്യ മരണം നടന്ന കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള ചങ്ങരോത്ത് ഗ്രാമത്തില്‍ നിന്നും പിടിച്ച പഴംതീനി വവ്വാലുകളില്‍ നടത്തിവന്ന പരിശോധനയിലാണ് ഇപ്പോള്‍ നിപയുടെ കൃത്യമായ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
Also Read: രോഹിങ്ക്യകള്‍ അനുഭവിക്കുന്നത് ചരിത്രത്തിലേറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനം: ഐക്യരാഷ്ട്രസഭ
“ചങ്ങരോത്തുനിന്നും പിടിച്ച് പരിശോധനയ്ക്കയച്ചിരുന്ന വവ്വാലുകളില്‍ നിപയുടെ സാന്നിധ്യം ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരിക്കുന്നു. രണ്ടാം തവണ പരിശോധനയ്‌ക്കെത്തിയ പഴംതീനി വവ്വാലുകളിലാണ് നിപാ വൈറസ് കണ്ടെത്തിയിരിക്കുന്നത്.” കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ പരിശോധിച്ച 21 വവ്വാലുകളിലും നിപയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യപ്രവര്‍ത്തകരിലും നാട്ടുകാരിലും ആശങ്കകളുയര്‍ത്തിയിരുന്നു. പക്ഷെ ഇവയൊന്നും പഴംതീനി വവ്വാലുകളല്ലായിരുന്നു.
തുടര്‍ന്ന് ചങ്ങരോത്തു നിന്നു തന്നെ പിടിച്ച 55 വവ്വാലുകളില്‍ ഉണ്ടായിരുന്ന പഴംതീനി വവ്വാലുകളില്‍ നിപായുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
കോഴിക്കോടും മലപ്പുറവും നിപാ വിമുക്ത ജില്ലകളായി കേരള സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു