Entertainment news
ശക്തിമാന്‍ മുതല്‍ മിന്നല്‍ മുരളിവരെ; ഹിറ്റായ ചില ഇന്ത്യന്‍ സൂപ്പര്‍ ഹീറോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 23, 05:29 pm
Thursday, 23rd December 2021, 10:59 pm

മിന്നല്‍ മുരളി ഉണ്ടാക്കുന്ന ഓളം ആരംഭിച്ചിട്ടെയുള്ളു. മലയാളത്തില്‍ നിന്ന് ഒരു പക്കാ ലോക്കല്‍ സൂപ്പര്‍ ഹീറോ ഉണ്ടായിരിക്കുകയാണ്. മുമ്പ് ചില കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും മിന്നല്‍ മുരളി പോലെ ഒരു ബ്രാന്റ് ഇതുവരെ ഉണ്ടായിട്ടില്ല.

ധാരാളം സൂപ്പര്‍ ഹീറോ സിനിമകളും സീരിയലുകളും കഥകളും ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത ചില സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ പരിചയപ്പെടാം.

ശക്തിമാന്‍

ഇന്ത്യയിലെ ഏറ്റവും ഹിറ്റായ സൂപ്പര്‍ ഹീറോ കഥാപാത്രമാണ് ശക്തിമാന്‍. ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ഈ സീരിയല്‍ ഇന്ത്യ മുഴുവന്‍ വൈറലായിരുന്നു. 1997 സെപ്റ്റംബര്‍ 13-നാണ് ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത്.

മുകേഷ് ഖന്ന ആണ് ശക്തിമാന്‍ ആയി സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ മിത്തോളജി കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ സൂപ്പര്‍ ഹീറോ കഥാപാത്രം ഇന്നും ഹിറ്റാണ്. മുകേഷ് ഖന്ന തന്നെയായിരുന്നു ശക്തിമാന്റെ നിര്‍മ്മാണം. ബ്രിജ് മോഹന്‍ പാണ്ഡേയുടെ രചനയില്‍ ദിന്‍കര്‍ ജാനിയായിരുന്നു സീരിയലിന്റെ സംവിധാനം.

ക്രിഷ്

കോയി മില്‍ഗെ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ ചിത്രമാണ് ക്രിഷ്. ഹൃത്വിക് റോഷന്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് രാകേഷ് റോഷന്‍ ആയിരുന്നു. ഒരു അന്യഗ്രഹ ജീവി ഭൂമിയില്‍ എത്തുന്നതും പ്രത്യേക കഴിവുകള്‍ ലഭിക്കുന്നതുമായിരുന്നു കഥ.

റാ-വണ്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമായിരുന്നു റാ-വണ്‍. അനുഭവ് സിന്‍ഹ സംവിധാനം നിര്‍വ്വഹിച്ച് 2011-ലാണ് ഈ ഹിന്ദി സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍ഹീറോ ചിത്രം പുറത്തിറങ്ങിയത്. ഗെയിമിന്റെ വെര്‍ച്വല്‍ ലോകത്ത് നിന്ന് യഥാര്‍ത്ഥ ലോകത്ത് എത്തിയ റാ-വണ്‍ എന്ന ഗെയിം കഥാപാത്രവും റാ-വണ്ണിനെ തോല്‍പ്പിക്കാന്‍ എത്തുന്ന ജി-വണ്‍ എന്ന കഥ വെര്‍ച്വല്‍ കഥപാത്രത്തെയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

വേലായുധം

വിജയ് നായകനായി എത്തിയ സിനിമയായിരുന്നു വേലായുധം. സമൂഹത്തിലെ അഴിമതിയും തീവ്രവാദവത്തിനുമെതിരെ പോരാടാന്‍ ഒരു സാധാരണക്കാരന് സൂപ്പര്‍ഹീറോയുടെ വേഷം ധരിക്കേണ്ടി വരുന്നതായിട്ടായിരുന്നു വേലായുധം എന്ന ചിത്രത്തിന്റെ കഥ.

അതിശയന്‍


2007 ല്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ്. അതിശയന്‍. ഒരു കെമിക്കല്‍ പരീക്ഷണത്തിനിടെ വലിയ ശരീരം ലഭിക്കുന്ന ഒരു കുട്ടിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

ഇതിന് പുറമെ സൂപ്പര്‍ പവറുകളുള്ള നിരവധി കഥാപാത്രങ്ങളുടെ സിനിമകള്‍ ഇന്ത്യയില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും പലതും വന്‍ പരാജയമായിരുന്നു. അജൂബ, ദ്രോണാ, സോകോമോന്‍, ഹീറോ, മുഗമൂടി, ലിറ്റില്‍ സൂപ്പര്‍ മാന്‍ തുടങ്ങി നിരവധി സിനിമകള്‍ മലയാളമടക്കമുള്ള വിവിധ ഭാഷകളില്‍ ഇറങ്ങിയിരുന്നു.

ഇടയ്ക്ക് ഗാംബ്ലര്‍ എന്ന സിനിമയില്‍ നായകന്‍ സൂപ്പര്‍ ഹീറോ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ചിത്രത്തില്‍ അതൊരു സ്വപ്‌നം കാണുന്ന രംഗം മാത്രമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

From Shakthiman to Minnal Murali; Some Super hit Indian superheroes