പാരിസ്: ദയാവധം അനുവദിച്ചില്ലെങ്കില്‍ തന്റെ മരണം തത്സമയം സോഷ്യല്‍ മീഡിയിലൂടെ ജനങ്ങളെ കാണിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പൗരന്‍. ദയാവധം അനുവദിക്കണമെന്ന ഇദ്ദേഹത്തിന്റെ ഹരജി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തള്ളിയതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ഫ്രഞ്ച് പൗരനായ അലന്‍ കോക്കാണ് മാക്രോണിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കിടപ്പില്‍ രോഗിയായ അലന്റെ രക്ത ധമനികള്‍ തകരാറിലായിരിക്കുകയാണ്. കഷ്ടിച്ച് ഒരാഴ്ച മാത്രമേ അദ്ദേഹം ജീവിച്ചിരിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആശുപത്രി വാസവും വേദനയും സഹിക്കാന്‍ വയ്യാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് അലന്‍ പ്രസിഡന്റിന് ഒരു ഹരജി നല്‍കിയിരുന്നു.
എന്നാല്‍ അലന് ദയാവധം അനുവദിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തയ്യാറായില്ല. രാജ്യത്തെ നിയമപ്രകാരം ദയാവധം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രസിഡന്റ് അദ്ദേഹത്തിന് മറുപടി നല്‍കിയത്.
‘ഞാന്‍ നിയമത്തിന് അതീതനല്ല. നിങ്ങളുടെ അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ അനുവദിച്ച് തരാന്‍ കഴിയില്ല’- മാക്രോണ്‍ പറഞ്ഞു.
നിലവിലെ നിയമവ്യവസ്ഥയ്‌ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് മാക്രോണ്‍ അലന് മറുപടിയായി പറഞ്ഞത്. സമാധാനപരമായി മരിക്കാനുള്ള അലന്റെ ആഗ്രഹം നടത്തിക്കൊടുക്കാനുള്ള വകുപ്പുകള്‍ ഫ്രാന്‍സിലെ നിയമഘടനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിലാണ് തന്റെ മരണം സോഷ്യല്‍മീഡിയയില്‍ ലൈവായി കാണിക്കുമെന്ന് അലന്‍ പറഞ്ഞത്. ദയാവധം അനുവദിക്കാത്തതിനാല്‍ താന്‍ ഇനി ആഹാരവും മരുന്നും കഴിക്കില്ലെന്നും അലന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക