ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്റെ ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ പദ്ധതി ഏറ്റവും വലിയ തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് എം.പി പ്രമോദ് തിവാരി. പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ ബി.ജെ.പി നേതാക്കളും ഉണ്ടായിരുന്നു. “മെയ്ക്ക് ഇന്‍ ഇന്ത്യ”യെ കുറിച്ചാണ് നേതാക്കള്‍ സംസാരിച്ചത്. യഥാര്‍ത്ഥത്തില്‍ “മെയ്ക്ക് ഇന്‍ ഫ്രോഡ്” ആണ് പദ്ധതിയാണിതെന്നും പ്രമോദ് തിവാരി രാജ്യസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സഭയുടെ ശൂന്യവേളയിലാണ് എം.പിയുടെ പരാമര്‍ശം.
ആറു കോടി പേരാണ് ഇതുവരെ ഫോണ്‍ ബുക്ക് ചെയ്തത്. ഇതിനകം തന്നെ കമ്പനി ഉടമകള്‍ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ടാകും. ഫോണിന്റെ നിര്‍മാണ ചെലവ് 1400 രൂപയാണെന്ന് കമ്പനി ഡയറക്ടര്‍ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെയാണ് 251 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുകയെന്നും കോണ്‍ഗ്രസ് എം.പി ചോദിച്ചു.
സ്മാര്‍ട്ട്‌ഫോണിന് 251 രൂപയെ വില വരൂ എങ്കില്‍ എന്ത് കൊണ്ടാണ് മറ്റു കമ്പനികള്‍ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഫോണ്‍ വില്‍ക്കുന്നത്. രണ്ടിലൊന്ന് തട്ടിപ്പാണ്. സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും എം.പി പറഞ്ഞു.സര്‍ക്കാരിന്റെ സഹായത്തോടെ നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് എന്ന കമ്പനിയാണ് ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതി അവതരിപ്പിച്ചിരുന്നത്.