മുംബൈ: ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ പണം തട്ടിയെന്ന് ആരോപിച്ച് മുംബൈയിലെ ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാല് ഭാരവാഹികളെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്.
അനധികൃതമായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച ഏതാനും സംഘടനകള്‍, ഉത്പാദന സ്ഥാപനങ്ങള്‍, സ്ഥാപന ഉടമകള്‍ എന്നിവര്‍ക്കെതിരെ ലഖ്നൗവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ മൗലാന മുദാസിര്‍, ഹബീബ് യൂസഫ് പട്ടേല്‍, അന്‍വര്‍ ഖാന്‍, മുഹമ്മദ് താഹിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് യു.പി എസ്.ടി.എഫ് പറഞ്ഞു.
ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങളുടെ നിര്‍മാണം, വില്‍പന, സംഭരണം, വിതരണം എന്നിവ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ള കയറ്റുമതി ഉത്പന്നങ്ങളെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വില്‍പന വര്‍ധിപ്പിക്കാനായി വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു ഈ സര്‍ക്കാര്‍ നീക്കം.
വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ അനധികൃതമായി സമ്പാദിക്കുന്ന പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതായാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.
അതേസമയം കഴിഞ്ഞ മാസം ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിനും സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിര്‍ബന്ധിത നടപടിയെടുക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ അടിസ്ഥാനമാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യു.പി സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജിയില്‍ വാദം കേട്ടത്.
Content Highlight: Four office bearers of Halal Council of India arrested