ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല; സ്വപ്‌നയുടെ ആരോപണം തള്ളി പി. ശ്രീരാമകൃഷ്ണന്‍
Kerala News
ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല; സ്വപ്‌നയുടെ ആരോപണം തള്ളി പി. ശ്രീരാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 11:54 am

 

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്‍.

ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമാണെന്നും പറഞ്ഞു.

‘ഷാര്‍ജ ഷെയ്ക്കുമായോ കോണ്‍സുലേറ്റ് ജനറലുമായോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ക്കിന് എന്തിനാണ് തന്റെ കൈക്കൂലി.

തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കും,’ അദ്ദേഹം വ്യക്തമാക്കി.

സ്വപ്ന പറയും പോലൊരു കോളേജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോള്‍ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു എന്നാണ് സ്വപ്‌ന ആരോപിച്ചത്. ഷാര്‍ജയില്‍ വെച്ച് ശ്രീരാമകൃഷ്ണന്‍ ഭരണാധികാരിയെ കണ്ടുവെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.

സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

അതേസമയം കെ.ടി. ജലീലിനെതിരെയും സ്വപ്‌ന പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കെ.ടി ജലീലിനെതിരെ ബിനാമി ആരോപണമാണ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവന്‍ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു.

മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സ്വപ്‌ന സുരേഷ് പറയുന്നു.

Content Highlights: Former Speaker  SreeRamakrishna has denied the allegations made in his affidavit in the Swapna Suresh court in the gold smuggling case