മുംബൈ: ധബോല്‍ക്കര്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ശിവസേന നേതാവിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സക്വാഡ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് മുന്‍ കോര്‍പ്പറേഷന്‍ അംഗം കൂടിയായ ശ്രീകാന്ത് പംഗാര്‍ക്കറെ അറസ്റ്റു ചെയ്തിട്ടുള്ളതെന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എക്‌സ്‌പ്ലോസിവ്‌സ് ആക്ട്, എക്‌സ്‌പ്ലോസിവ് സബ്‌സ്റ്റന്‍സസ് ആക്ട് എന്നിവയ്ക്കു പുറമെ യു.എ.പി.എയും പംഗാര്‍ക്കര്‍ക്കു മേലെ ചുമത്തിയിട്ടുണ്ട്. നേരത്തേ വൈഭവ് റൗത്ത്, ശരദ് കലാസ്‌കര്‍, സുധന്‍വാ ഗോന്ധാലെകര്‍ എന്നിവരെയും ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തതിനെത്തുടര്‍ന്ന് എ.ടി.എസ് അറസ്റ്റു ചെയ്തിരുന്നു.
നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ ഇന്നലെ രാത്രിയാണ് പംഗാല്‍ക്കറിനെ സി.ബി.ഐ. കസ്റ്റഡിയിലെടുത്തിരുന്നത്. ധബോല്‍ക്കറെ വെടിവെച്ചെന്നു സംശയിക്കുന്ന സംഘത്തിലെ പ്രധാനിയായ സച്ചിന്‍ പ്രകാശ് റാവുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പംഗാര്‍ക്കറുടെ പേര് സൂചിപ്പിക്കപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: വാജ്‌പേയിയുടെ അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരില്‍ ഹെഡ്‌ലിയുടെ അര്‍ദ്ധ സഹോദരനും
കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റു ചെയ്ത പ്രകാശ് റാവുവിനെ ശിവാജിനഗര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ആഗസ്ത് 26 വരെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരുന്നു. 2013 ആഗസ്ത് 20നാണ് പൂനയില്‍ വച്ച് ധബോല്‍ക്കര്‍ വെടിയേറ്റു മരിക്കുന്നത്. വെടിവച്ച് രണ്ടംഗ സംഘത്തിലൊരാളാണ് പ്രകാശ് റാവു എന്ന് സി.ബി.ഐ കോടതിയില്‍ വിശദീകരിച്ചിരുന്നു.
ധബോല്‍ക്കറിനു വെടിയേല്‍ക്കുമ്പോള്‍ താന്‍ പംഗാല്‍ക്കറിനൊപ്പമായിരുന്നു എന്നാണ് പ്രകാശ് റാവുവിന്റെ മൊഴി. ഇരുവരും ചേര്‍ന്നാണ് ആ സമയം ഒരു മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.
പ്രഭാത സവാരിക്കിടെയാണ് ധബോല്‍ക്കറിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചു കടന്നു കളഞ്ഞത്.