Advertisement
World News
എന്നെ പുറത്താക്കിയത്‌ ഇന്ത്യ ആഘോഷിക്കുകയാണ്; വിദേശ ഗൂഢാലോചന ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 15, 02:28 am
Friday, 15th April 2022, 7:58 am

ഇസ്‌ലമാബാദ്: പ്രധാനമന്ത്രി പദത്തില്‍ നിന്നും തന്നെ പുറത്താക്കിയത് ഇന്ത്യ ആഘോഷിക്കുകയാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്രാഈലും തന്റെ പുറത്താക്കലില്‍ സന്തോഷിക്കുന്നുണ്ടെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. പേഷാവറില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും എന്നെ പുറത്താക്കിയതില്‍ ഇന്ത്യ സന്തോഷിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇസ്രാഈലിനും അതില്‍ സന്തോഷമുണ്ട്,’ ഇമ്രാന്‍ പറഞ്ഞു.

തന്നെ പുറത്താക്കിയതിന് പിന്നില്‍ വിദേശ ഗൂഢാലോചന ഉണ്ടെന്ന് അമേരിക്കയെ കുറ്റപ്പെടുത്തി ഇമ്രാന്‍ പറഞ്ഞു. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെതിരെ സമരം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.

അധികാരത്തിലിരിക്കുമ്പോള്‍ താന്‍ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും എന്നാല്‍ ഇനി താന്‍ കൂടുതല്‍ അപകടകാരിയാകുമെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകാരിയാവും,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പലരും ഒത്തുകളിച്ചുവെന്നും, അതല്ലെങ്കില്‍ പിന്നെ എന്തിനാണ് പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസപ്രമേയം പാസാക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ കോടതി ചേര്‍ന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം അവിശ്വസ പ്രമേയത്തിലൂടെ തന്നെ പുറത്താക്കാന്‍ അമേരിക്ക ഗൂഡാലോചന നടത്തിയെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം സൈന്യം തള്ളി.

അമേരിക്കയുടെ ഉപദേശം മറികടന്ന് താന്‍ റഷ്യ സന്ദര്‍ശിച്ചതിനാണ് തന്നെ പുറത്താക്കാന്‍ അമേരിക്ക പിന്തുണ നല്‍കിയതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അമേരിക്കയും ഇമ്രാന്റെ ആരോപണം തള്ളിയിട്ടുണ്ട്.

Content Highlight: Former Pakistani Prime Minister Imran Khan has said that India is celebrating his ouster as Prime Minister