'ഇതുവരെ എനിക്ക് സംഭവിച്ചതും പാകിസ്ഥാന്‍ ക്രിക്കറ്റ് എന്നോട് പെരുമാറിയതും വെച്ച് നോക്കുമ്പോള്‍ എനിക്കിനി രാജ്യത്തിന് വേണ്ടി കളിക്കണ്ട'; ബാബര്‍ അസമിന്റെ മുഖത്തുനോക്കി തുറന്നടിച്ച് സൂപ്പര്‍ താരം
2022 ഏഷ്യാ കപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഫൈനലില്‍ പ്രവേശിച്ചെങ്കിലും ശ്രീലങ്കയോട് തോല്‍ക്കാനായിരുന്നു ടീമിന്റെ വിധി.
ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നെങ്കിലും ബാറ്റര്‍മാര്‍ തങ്ങളുടെ സ്വാഭാവിക ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കാതെ വന്നതോടെയാണ് പാകിസ്ഥാന് കാലിടറിയത്.
പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ മോശം പ്രകടനം പുറത്തെടുക്കുകയും ഏഷ്യാ കപ്പില്‍ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് ടീമിന്റെ ഭാഗമല്ലാതിരുന്ന സ്റ്റാര്‍ ബാറ്റര്‍മാര്‍ വീണ്ടും ചര്‍ച്ചയിലേക്കെത്തിയിരിക്കുന്നത്. ഷാന്‍ മസൂദും ഷോയ്ബ് മാലിക്കുമായിരുന്നു ഒഴിവാക്കിയവരില്‍ പ്രമുഖര്‍.
ഷോയ്ബ് മാലിക്കിനെ ടീമില്‍ നിന്നും പുറത്താക്കിയതില്‍ കനത്ത വിമര്‍ശനങ്ങള്‍ ബോര്‍ഡിനെതിരെ ഉയര്‍ന്നിരുന്നു. ടി-20 ഫോര്‍മാറ്റില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മാലിക്കിനെ പുറത്തിരുത്തിയിതില്‍ ആരാധകര്‍ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടമാക്കുകും ചെയ്തിരുന്നു.
ഈ അവസരത്തിലാണ് താരത്തിന്റെ പഴയ ഒരു അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്. ആറ് മാസം മുമ്പ് മാലിക് ക്രിക്കറ്റ് പാകിസ്ഥാനുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
‘അതെ, ഞാന്‍ ബാബറിനോട് സംസാരിച്ചിരുന്നു. ഐ.സി.സി ടി-20 ലോകകപ്പിന്റെ സമയത്ത് ഞാന്‍ ഇപ്പോള്‍ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് ബാബര്‍ എന്നോട് ചോദിച്ചിരുന്നു.
കളിക്കാരനും ബോര്‍ഡും തമ്മില്‍ കൃത്യമായ ഒരു ആശയവിനിമയം നടക്കേണ്ടത് അനിവാര്യമാണ്. അവര്‍ താരങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കേണ്ടിയിരുന്നു,’ മാലിക് പറയുന്നു.
‘ഇപ്പോഴത്തെ സാഹചര്യവും മുന്‍കാലങ്ങളില്‍ ബോര്‍ഡ് എങ്ങനെയാണോ എന്നോട് പെരുമാറിയത് എന്ന കാര്യവും കണക്കിലെടുക്കുകയാണെങ്കില്‍, എനിക്ക് പാകിസ്ഥാന് വേണ്ടി കളിക്കേണ്ട എന്ന് ഞാന്‍ ബാബറിനോട് പറഞ്ഞു.
അവന് എന്റെ ഫിറ്റ്‌നെസ് ലെവലിനെ കുറിച്ച് അറിയാം. ഞാന്‍ പാകിസ്ഥാന് വേണ്ടി കളിക്കണം എന്ന് ബാബര്‍ ആഗ്രഹിക്കുന്നുണ്ട് എന്ന കാര്യം എനിക്കറിയാമെന്നും ഞാന്‍ അവനോട് പറഞ്ഞിരുന്നു,’ മാലിക് പറയുന്നു.
അതേസമയം, പാകിസ്ഥാന്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പ് ലക്ഷ്യമാക്കിയുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. മുന്‍ ഓസീസ് സൂപ്പര്‍ താരം മാത്യു ഹെയ്ഡനെ മെന്ററാക്കിക്കൊണ്ടാണ് ബാബര്‍ പട ഓസ്‌ട്രേലിയയിലേക്ക് പറക്കാനൊരുങ്ങുന്നത്.
Content Highlight: Former Pakistan cricketer Shoaib Malik’s old interview is going viral on social media