പാകിസ്ഥാന്റെ സൗത്ത് ആ്രഫിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളില്‍ സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദിയെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ പാക് പരിശീലകന്‍ മിക്കി ആര്‍തര്‍. സൗത്ത് ആഫ്രിക്കയില്‍ പന്തെറിയിക്കുന്നില്ലെങ്കില്‍ മറ്റെവിടെയാണ് അവനെക്കൊണ്ട് പന്തെറിയിക്കുക എന്നാണ് ആര്‍തര്‍ ചോദിക്കുന്നത്.
ഏറ്റവും മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്ന സാഹചര്യങ്ങളാണ് സൗത്ത് ആഫ്രിക്കയില്‍ ഉള്ളതെന്ന് പറഞ്ഞ ആര്‍തര്‍ ഷഹീന്‍ ഒരു മാച്ച് വിന്നറാണെന്നും അഭിപ്രായപ്പെട്ടു.
‘അവന്‍ സൗത്ത് ആഫ്രിക്കയില്‍ പന്തെറിയുന്നില്ലെങ്കില്‍ വേറെ എവിടെയാണ് നിങ്ങള്‍ അവനെക്കൊണ്ട് പന്തെറിയിക്കാന്‍ ഉദ്ദേശിക്കുന്നത്? ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്ന സ്ഥലമാണ് സൗത്ത് ആഫ്രിക്ക. ഇതോടൊപ്പം അവന്‍ നിങ്ങള്‍ക്ക് ഒരു ഇടം കയ്യന്‍ ഓപ്ഷന്‍ കൂടിയാണ് നല്‍കുന്നത്.
മിര്‍ ഹംസ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് എനിക്ക് അറിയാവുന്നതാണ്. എന്നാല്‍ ഷഹീന്‍ അഫ്രിദി ഒരു ഗെയിം ബ്രേക്കറാണ്, മാച്ച് വിന്നറാണ്,’ ആര്‍തര്‍ പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്
അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, സയീം അയ്യൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, കമ്രാന്‍ ഗുലാം, സല്‍മാന്‍ അലി ആഘാ, ഹസീബുള്ള ഖാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഖുറാം ഷഹസാദ്, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, നസീം ഷാ, നോമന്‍ അലി.
സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളാണ് പാകിസ്ഥാന്‍ കളിക്കുക. ഡിസംബര്‍ 26 ബോക്‌സിങ് ഡേയിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. സെഞ്ചൂറിയനാണ് വേദി.
ആതിഥേയരെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റുറപ്പിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും ഒരു വിജയമാണ് ആവശ്യമുള്ളത്. ഇതിലെ ആദ്യ മത്സരമാണ് ബോക്സിങ് ഡേയില്‍ നടക്കുന്നത്.
നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് സൗത്ത് ആഫ്രിക്കയ്ക്കാണ്. ഈ സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 63.33 എന്ന മികച്ച പോയിന്റ് ശതമാനമാണ് പ്രോട്ടിയാസിനുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കും മൂന്നാമതുള്ള ഇന്ത്യയ്ക്കും യഥാക്രമം 58.89, 55.88 എന്നിങ്ങനെയാണ് പോയിന്റ് ശതമാനമുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകള്‍ക്കാണ് ഫൈനല്‍ കളിക്കാന്‍ അവസരമൊരുങ്ങുക.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ബോക്സിങ് ഡേയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
സ്വന്തം തട്ടകത്തില്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആവേശത്തിലാണ് സൗത്ത് ആഫ്രിക്ക. പാകിസ്ഥാനെതിരെ വിജയിച്ച് ഫൈനല്‍ ബെര്‍ത്തുറപ്പിക്കാന്‍ തന്നെയാകും ബാവുമയുടെയും സംഘത്തിന്റെയും ലക്ഷ്യം.
മികച്ച പ്രകടനവുമായി മുമ്പില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റനും ഓള്‍ റൗണ്ട് പ്രകടനവുമായി തിളങ്ങുന്ന മാര്‍ക്കോ യാന്‍സെനും അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ റിയാന്‍ റിക്കല്‍ട്ടണും അടങ്ങുന്ന പ്രോട്ടിയാസ് നിര രണ്ടും കല്‍പിച്ച് തന്നെയാണ്.
അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് പാകിസ്ഥാന്‍. ഒക്ടോബറിലാണ് പാകിസ്ഥാന്‍ അവസാന ടെസ്റ്റ് പരമ്പര കളിച്ചത്. ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് 2-1നാണ് ആതിഥേയര്‍ വിജയിച്ചത്.
Content Highlight: Former Pakistan coach Mickey Arthur questions Shaheen Shah Afridi’s exclusion