പാകിസ്ഥാനിലെ പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ അഴിമതിക്കാരായ ഭരണാധികാരികളെ കള്ളന്മാരെന്നും ചതിയന്മാരെന്നുമാണ് ജനങ്ങള്‍ വിളിക്കുന്നത് എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
”എവിടെപ്പോയാലും രാഷ്ട്രം അവരെ വിളിക്കുന്നത് ചതിയന്മാരെന്നും കള്ളന്മാരെന്നുമാണ്. മധ്യസ്ഥരെല്ലാം അവരുടെ ഭാഗത്താണ്. എന്നാല്‍ ഈ രാജ്യം അവര്‍ക്കൊപ്പമല്ല. നമുക്ക് അവരെ തോല്‍പ്പിക്കേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തിന്റെ ധാര്‍മികത തകര്‍ക്കാനും നശിപ്പിക്കാനുമാണ് ഈ കള്ളന്മാര്‍ ശ്രമിക്കുന്നത്. രാജ്യം നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. വിലക്കയറ്റം തടയാന്‍ ഇവര്‍ക്ക് ഒന്നും ചെയ്യാനായില്ല,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മധ്യസ്ഥരെല്ലാം ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനൊപ്പമാണെങ്കിലും പഞ്ചാബ് തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് ജയിച്ചേ മതിയാകൂ എന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. തന്റെ ജീവിതവും മരണവും പാകിസ്ഥാനുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
”രാജ്യം അരാജകത്വത്തിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ട്. ഞാന്‍ അത് ആഗ്രഹിക്കുന്നില്ല. കാരണം, ഈ അഴിമതിക്കാരായ ഭരണകര്‍ത്താക്കളെ പോലെയല്ല, എന്റെ ജീവിതവും മരണവും പാകിസ്ഥാനുമായി ബന്ധപ്പെട്ട് കിടക്കുകയാണ്,” ഖാന്‍ കൂട്ടിച്ചേര്‍ത്തു.