ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനും എത്രയും പെട്ടെന്ന് ഇസ്രഈലിൽ തെരഞ്ഞെടുപ്പ് നടത്താനും നെതന്യാഹു സർക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രഈൽ മുൻ പ്രധാനമന്ത്രി എഹൂദ് ബാറക്.
ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഹമാസിനെ ഇല്ലാതാക്കുവാൻ നെതന്യാഹു ഇറങ്ങിപ്പുറപ്പെട്ടാൽ വരാനിരിക്കുന്ന വർഷങ്ങളിൽ ഇസ്രഈൽ ഗസയിലെ ചളിയിൽ മുങ്ങിപ്പോകുമെന്നും എഹൂദ് ബാറക് പറഞ്ഞു.
നെതന്യാഹു രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ദൈവത്തെയോർത്ത് പോകൂ എന്നായിരുന്നു നെതന്യാഹുവിനെ ഉദ്ദേശിച്ചുകൊണ്ട് ടെലിഗ്രാഫിനോട് ബാറക് പറഞ്ഞത്.
‘ഹമാസിന്റെ ഭരണപരമായ ശക്തിയും സൈനിക ശക്തിയും നശിപ്പിക്കാതെ ഇസ്രയേലിന് വിജയം പ്രഖ്യാപിക്കാൻ സാധിക്കില്ല. പക്ഷേ ഹമാസിനെ സംബന്ധിച്ചിടത്തോളം വിജയിക്കണമെങ്കിൽ അതിജീവിച്ചാൽ മാത്രം മതി.
ഇസ്രഈൽ യഹ്യ സിൻവറിനെ (ഹമാസിന്റെ തലവൻ) കൊലപ്പെടുത്തിയാൽ പോലും അവർ അതിജീവിക്കും. സംഘർഷത്തിൽ നിന്ന് പുറത്തു കടക്കാനുള്ള ഏകമാർഗം ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ്,’ ബാറക് പറഞ്ഞു.
1,200 പേർ കൊല്ലപ്പെടുവാനും 200ലധികം പേർ ബന്ദികളാക്കപ്പെടാനും കാരണമായ ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം ഉണ്ടായപ്പോൾ തന്നെ നെതന്യാഹു അധികാരത്തിൽ നിന്ന് ഇറങ്ങണമായിരുന്നു എന്നും ബാറക് പറഞ്ഞു.