ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ 188 റണ്‍സിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 513 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 324 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
രണ്ടാം ഇന്നിങ്സില്‍ അക്സര്‍ പട്ടേല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ 40 റണ്‍സ് നേടുകയും 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ഒപ്പം രണ്ടാം ഇന്നിങ്സില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കുല്‍ദീപ് യാദവാണ് കളിയിലെ താരം. കുല്‍ദീപിന്റെ രണ്ട് ക്വിക്ക് വിക്കറ്റുകളാണ് അഞ്ചാം ദിവസം കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍, എദാബോത് ഹുസൈന്‍ എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപിന് മുമ്പില്‍ വീണത്. ലിട്ടണ്‍ ദാസിനെ ഉമേഷ് യാദവിന്റെ കയ്യിലും എദാബോത് ഹുസൈനെ ശ്രേയസ് അയ്യരുടെ കയ്യിലുമെത്തിച്ച് മടക്കിയ കുല്‍ദീപ് ഷാകിബിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പുറത്താക്കിയത്.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് കുല്‍ദീപിനേക്കാള്‍ അര്‍ഹത ചേതേശ്വര്‍ പൂജാരക്കാണെന്ന് പറയുകയാണ് വെറ്ററന്‍ താരമായ ദിനേഷ് കാര്‍ത്തിക്. ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയടക്കം മികച്ച പ്രകടനമായിരുന്നു പൂജാര കാഴ്ചവെച്ചത്.
‘സത്യസന്ധമായി പറയുകയാണെങ്കില്‍ അവന്‍ രണ്ട് മികച്ച ഇന്നിങ്‌സുകളാണ് കളിച്ചത്. ആദ്യത്തേത് ഇന്ത്യ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പിറന്നത്. ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച പാര്‍ട്ണര്‍ഷിപ്പായിരുന്നു അവന്‍ പടുത്തുയര്‍ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ അവന്‍ സെഞ്ച്വറി നേടി. അവന്‍ സാധാരണയായി കളിക്കാത്ത തരത്തിലുള്ള ഒരു ഇന്നിങ്‌സായിരുന്നു അത്. ആ ഇന്നിങ്‌സ് കാണാന്‍ തന്നെ ഒരു രസമായിരുന്നു.
അവന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു അത്. അതുകൊണ്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അവന് അവകാശപ്പെട്ടതായിരുന്നു,’ ദിനേഷ് കാര്‍ത്തിക് പറയുന്നു.
ആദ്യ ടെസ്റ്റിലെ വിജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി.
ഡിസംബര്‍ 22നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റിലും വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും ഇന്ത്യയിറങ്ങുന്നത്.