ഏഷ്യാ കപ്പിന് മുമ്പുള്ള പര്യടനത്തിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടീം. ഓഗസ്റ്റ് 18 മുതല്‍ 22 വരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലുള്ളത്. മലയാളി താരം സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലാണ് താരം ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് തുടര്‍ന്നുവന്ന മത്സരങ്ങളിലും പരമ്പരകളിലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. ഏറെ നാളുകള്‍ക്ക് ശേഷം ഏകദിന ജേഴ്‌സിയിലേക്ക് മടങ്ങിയെത്താനും ഐ.പി.എല്‍ സഞ്ജുവിനെ തുണച്ചിരുന്നു.
മികച്ച പ്രകടനം നടത്തുമ്പോഴും, രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമ്പോഴും ഒരുകൂട്ടം ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളും വിമര്‍ശനവുമായി എന്നും സഞ്ജുവിന് പിന്നാലെയുണ്ടായിരുന്നു.
മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയായിരുന്നു സഞ്ജുവിന്റെ നിരന്തര വിമര്‍ശകരില്‍ പ്രധാനി. ഓരോ മത്സരം കഴിയുമ്പോഴും സഞ്ജുവിനെ വിമര്‍ശിക്കാന്‍ ചോപ്ര പുതിയ കാരണങ്ങള്‍ ഓരോന്നായി കണ്ടുപിടിച്ചുകൊണ്ടേയിരുന്നിരുന്നു.
എന്നാലിപ്പോള്‍, സഞ്ജുവിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ആകാശ് ചോപ്ര. സഞ്ജുവടക്കമുള്ള പല യുവതാരങ്ങള്‍ക്കും ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ യോഗ്യതയുണ്ടെന്നും എന്നാല്‍ അവരില്‍ മികവ് സഞ്ജുവിനാണെന്നും അദ്ദേഹം പറയുന്നു.
‘സഞ്ജു സാംസണ്‍, റിഷബ് പന്ത്, ശ്രേയസ് അയ്യര്‍, ഇവര്‍ ഐ.പി.എല്ലില്‍ ഓരോ ടീമിനെ നയിക്കുന്നവരാണ്. വരും വര്‍ഷങ്ങളില്‍ ക്യാപ്റ്റനെന്ന രീതിയില്‍ മൂവരും ഏറെ പുരോഗതി കൈവരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സഞ്ജുവാണ് ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നത്. അക്കാര്യത്തില്‍ മുമ്പന്‍ സഞ്ജു തന്നെ. കൂടാതെ രാജസ്ഥാന്റെ ബൗളിങ് ലൈന്‍ അപ്പും വളരെ മികച്ചതാണ്,’ ആകാശ് ചോപ്ര പറയുന്നു.
2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ആദ്യമായിട്ടായിരുന്നു ഐ.പി.എല്ലിന്റെ ഫൈനല്‍ കളിച്ചത്. 2008ല്‍ ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ ചാമ്പ്യന്‍മാരായതുപോലെ സഞ്ജുവും ഐ.പി.എല്‍ കിരീടമുയര്‍ത്തുമെന്നുതന്നെയായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ ഐ.പി.എല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കാനായിരുന്നു രാജസ്ഥാന്റെ വിധി. എങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജുവിനെ അടയാളപ്പെടുത്തിയ സീസണ്‍ കൂടിയായിരുന്നു 2022.
Content Highlight: Former Indian Star Akash Chopra praises Sanju Samson