വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലാണ് രാജേശ്വര്‍ സിംഗ് മത്സരിക്കാനൊരുങ്ങുന്നത്. സരോജിനി നഗര്‍ മണ്ഡലത്തില്‍ നിന്നും ഇദ്ദേഹം മത്സരിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഭരണത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച എല്ലാ പദ്ധതികള്‍ക്കും തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നാണ് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ച് രാജേശ്വര്‍ സിംഗ് പറഞ്ഞത്.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയത ഇല്ലാതാക്കാന്‍ ജനങ്ങള്‍ യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ബി.ജെ.പിയുടെ ആശയങ്ങള്‍ മുന്‍നിര്‍ത്തി തന്നെ രാജ്യത്തിനായി പ്രവര്‍ത്തിക്കും,’ സിംഗ് പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് നിന്നും സ്വയം ഒഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ബി.ജെ.പി പോലുള്ള ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഇവിടെ രാഷ്ട്രീയ രക്ഷകര്‍തൃത്വത്തിന്റെ ആവശ്യമില്ല. ബി.ജെ.പി വലിയ പാര്‍ട്ടിയാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സീറ്റ് നല്‍കുന്നത്,’ എന്നായിരുന്നു സിംഗിന്റെ മറുപടി.
കഴിഞ്ഞ ദിവസമായിരുന്നു രാജേശ്വര്‍ സിംഗ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞത്.
’24 വര്‍ഷത്തെ യാത്രക്ക് വിരാമമിടുന്നു. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ഇ.ഡി ഡയറക്ടര്‍ എസ്.കെ. മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു,” രാജേശ്വര്‍ സിംഗ് ട്വീറ്റ് ചെയ്തു.
താന്‍ ഇതുവരെ നേടിയ അറിവുകള്‍ രാഷ്ട്രീയ പ്രവേശന വേളയില്‍ രാജ്യത്തിന് വേണ്ടിയും ജനങ്ങളെ സേവിക്കുന്നതിനായും വിനിയോഗിക്കുമെന്നും സിംഗ് ട്വീറ്റില്‍ പറഞ്ഞു.
ദേശീയവാദത്തിലൂന്നിയ രാഷ്ട്രീയമാണ് രാജ്യസേവനത്തിന് വേണ്ടതെന്നാണ് തന്റെ വിശ്വാസമെന്നും രാജേശ്വര്‍ സിംഗ് പറയുന്നു.
ഉത്തര്‍പ്രദേശ് പൊലീസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായിരുന്ന രാജേശ്വര്‍ സിംഗ് 2007ലാണ് ഇ.ഡിയില്‍ ജോയിന്‍ ചെയ്യുന്നത്.
2ജി സ്പെക്ട്രം അഴിമതി, സഹാറ കേസ്, ഐ.എന്‍.എക്സ് മീഡിയ കേസ് തുടങ്ങി നിരവധി ഹൈ പ്രൊഫൈല്‍ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിംഗ്.