ജൂലായില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് ടീമിലേക്ക് ചേതേശ്വര്‍ പൂജാരയെ ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ നായകന്‍ അജിന്‍ക്യ രഹാനയെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പരിക്ക് മൂലമാണ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതുകൊണ്ടുതന്നെ ഐ.പി.എല്ലിലെ പല മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.
അജിന്‍ക്യ രാഹാനയ്‌ക്കൊപ്പം തന്നെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെയും ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ടെസ്റ്റില്‍ ഇരുവരുടെയും ഭാവി എന്താവുമെന്ന ചോദ്യം ഉയരവെ ഇരുവരെയും ടീമിലെടുക്കാത്തതിന് ബി.സി.സി.ഐയെയും സെലക്ഷന്‍ കമ്മിറ്റിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്.
രഹാനെയെയും ഇഷാന്തിനെയും ടീമിലെടുക്കാത്തത് വഴി ഉചിതമായ കാര്യമാണ് സെലക്ടര്‍മാര്‍ ചെയ്തതെന്നാണ് താരത്തിന്റെ അഭിപ്രായം.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹോഗിന്റെ പരാമര്‍ശം.
‘രഹനെയെയും ഇഷാന്തിനെയും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയത് മികച്ച ഒരു തീരുമാനമായിട്ടാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് പ്രായമേറി വരികയാണ്. മുന്‍കാലങ്ങളില്‍ പുറത്തെടുത്ത കളിയോ മികവോ പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമാകുന്നില്ല.
നിങ്ങള്‍ യുവതാരങ്ങളെ വേണം എപ്പോഴും ടീമിലെടുക്കാന്‍. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനും അനുഭവസമ്പത്ത് നേടുന്നതിനും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വേണം അവരെ ടീമിലെടുക്കാന്‍,’ ഹോഗ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം കൊവിഡ് മൂലം മുടങ്ങിപ്പോയിരുന്നു. ഇന്ത്യന്‍ ക്യാമ്പില്‍ കൊവിഡ് പടര്‍ന്നതോടെ അന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഈ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.
കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് പൂജാര വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ മടങ്ങിയെത്തിയത്.