2026 വേൾഡ് കപ്പിൽ മെസി കളിക്കുമോ? വെളിപ്പെടുത്തി മുൻ അർജന്റൈൻ താരം
Football
2026 വേൾഡ് കപ്പിൽ മെസി കളിക്കുമോ? വെളിപ്പെടുത്തി മുൻ അർജന്റൈൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st December 2022, 5:50 pm

ഖത്തർ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ടൂർണമെന്റ് ആയിരിക്കുമെന്ന് അർജന്റൈൻ ഇതിഹാസം ലയണൽ മെസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും വിശ്വകിരീടം ഉയർത്താനായില്ലെങ്കിൽ ഒരിക്കൽ കൂടി അർജന്റൈൻ ജേഴ്സിയിൽ പോരാടുമെന്നും താരം സൂചിപ്പിച്ചിരുന്നു.

എന്നാൽ ഫിഫ ലോക ചാമ്പ്യന്മാരായതിന് ശേഷം ദേശീയ ജേഴ്സിയിൽ കുറച്ചുകാലം കൂടി തുടരണമെന്ന് മെസി ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പിനുണ്ടാകുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ മെസി 2026ലെ ലോകകപ്പിലും കളിച്ചേക്കുമെന്ന സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് മുൻ അർജന്റൈൻ താരം ജോർജ് വാൾഡാനോ.

ലോകകപ്പിന് മുമ്പ് മെസിയുമായി താൻ ഒരു അഭിമുഖം നടത്തിയിരുന്നുവെന്നും അതിൽ അർജന്റീന വിശ്വകിരീടം ചൂടിയാൽ അടുത്ത ലോകകപ്പിലും താൻ കളിക്കാനുണ്ടാകുമെന്ന് മെസി വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് വാൾഡാനോ പറഞ്ഞത്.

അതായത് മെസി 2026ൽ യു.എസ് -കാനഡ – മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ കളിക്കുമെന്നാണ് വാൾഡാനോയുടെ വാക്കുകൾ.

 

 

“ലോകകപ്പിന് മുമ്പ് ഞാൻ മെസിയുമായി ഒരു അഭിമുഖം നടത്തിയിരുന്നു‌. താൻ അഞ്ചാമത്തെ ലോകകപ്പ് കളിക്കാൻ പോവുകയാണെന്ന് മെസി എന്നോട് പറഞ്ഞു. ആറ് ലോകകപ്പുകൾ ആരും കളിച്ചിട്ടില്ലെന്നും അത് അസാധ്യമാണെന്നും അവൻ കൂട്ടിച്ചേർത്തു. ഇത്തവണ ലോക ചാമ്പ്യനാവുകയാണെങ്കിൽ അടുത്ത ലോകകപ്പ് വരെ താൻ അർജന്റൈൻ ജേഴ്സി ധരിക്കുമെന്നും അവൻ പറഞ്ഞു‌. മെസിക്ക് അതിന് സാധിക്കുമോ എന്ന് നമുക്ക് നോക്കാം, വാൾഡോനോ വ്യക്തമാക്കി.

 

അതേസമയം, അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അർജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീർത്തും അദ്ദേഹത്തിന്റെ തീരുമാനമാണെന്നുമാണ് അർജന്റൈൻ കോച്ച് ലയണൽ സ്കലോണി പറഞ്ഞത്.

കളിയിൽ സഹതാരങ്ങൾക്ക് വേണ്ടതെല്ലാം നൽകുന്ന മറ്റൊരു താരത്തെ താൻ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്‌സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസി എന്നാണ് സ്‌കലോണി പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Former Argenitne player Jorge Valdano praises Lionel Messi